Latest News

സ്ത്രീകളിൽ പൊതുവേ കാണാനാകാത്ത അലസമായ ആ സാരി ചുറ്റലിൽ ഞാൻ ശരിക്കും പെട്ടു പോയിട്ടുണ്ട്; ആരോഗ്യവതിയും നർത്തകിയും നടിയും ഒപ്പം സുന്ദരിയുമായിരിക്കട്ടെ ദീർഘകാലം; ശോഭനയെ കുറിച്ച് കുറിപ്പ് പങ്കുവച്ച് എഴുത്തുകാരി ശാരദക്കുട്ടി

Malayalilife
സ്ത്രീകളിൽ പൊതുവേ കാണാനാകാത്ത അലസമായ ആ സാരി ചുറ്റലിൽ ഞാൻ ശരിക്കും പെട്ടു പോയിട്ടുണ്ട്; ആരോഗ്യവതിയും നർത്തകിയും നടിയും ഒപ്പം സുന്ദരിയുമായിരിക്കട്ടെ ദീർഘകാലം; ശോഭനയെ കുറിച്ച് കുറിപ്പ് പങ്കുവച്ച് എഴുത്തുകാരി  ശാരദക്കുട്ടി

ലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പമാണ് ശോഭന തന്റെ ജീവിതം നയിക്കുന്നത്. ശോഭനയുടെ സിനിമ ജീവിതത്തിൽ ഏറെ വഴിത്തിരിവായ ഒരു കഥാപാത്രമായിരുന്നു മണിച്ചിത്രത്താഴിലെ നാഗവല്ലി. തുടർന്ന് നിരവധി സിനിമകളായിരുന്നു താരത്തെ തേടി എത്തിയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ അൻപത്തിയൊന്നാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച്  ശാരദ കുട്ടി എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കുറിപ്പിങ്ങനെ

നിൽപ്പിലും ചിരിയിലും ചലനങ്ങളിലും ശരീര പ്രകൃതത്തിലും പഴയകാല നടി രാഗിണിയെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് 1984 ൽ ശോഭന മലയാള സിനിമയിൽ വരുന്നത്. കാളിന്ദി തീരം തന്നിൽ നീ വാ വാ കായാമ്പൂ വർണ്ണാ കണ്ണാ എന്ന ഗാന നൃത്തരംഗം അന്നു കണ്ടപ്പോൾ രാഗിണിയെപ്പോലെ തന്നെയെന്നു പഴയകാല സിനിമാ പ്രേമികൾ അത്ഭുതപ്പെട്ടു. രാഗിണിയുടെ സഹോദരന്റെ മകളാണ് ശോഭന എന്ന് സിനിമാ പ്രസിദ്ധീകരണങ്ങൾ പിന്നീട് പറഞ്ഞപ്പോൾ കലാകുടുംബത്തിലെ ആ പുതു തലമുറക്കാരിയോട് കൂടുതൽ അടുപ്പമായി. വളരെ പെട്ടെന്നാണ് ശോഭന നൃത്തത്തിലും അഭിനയത്തിലുമെല്ലാം തനതായ ഒരു അടയാളമുണ്ടാക്കിയെടുത്തു കൊണ്ട് പാരമ്പര്യം മാത്രമല്ല തന്റെ മികവെന്നു തെളിയിച്ചത്.

കാണാമറയത്തിലെ കൗമാരക്കാരിയായ ഷേർളി, ചിലമ്പിലെ സുന്ദരിയായ അംബിക, മീനമാസത്തിലെ സൂര്യനിലെ കുസൃതി നിറഞ്ഞ കാമുകി രേവതി, യാത്രയിൽ ഒരു വനമാകെ ദീപം തെളിയിച്ച് ഉണ്ണിയെ കാത്തിരിക്കുന്ന തുളസി, മേലെ പ്പറമ്പിൽ ആൺവീട്ടിലെ പവിഴം, മായാമയൂരത്തിലെ ഭദ്ര, മണിച്ചിത്രത്താഴിലെ ഗംഗയും നാഗവല്ലിയും, ഇന്നലെയിലെ മായ, മിത്ര് മൈ ഫ്രണ്ടിലെ ലക്ഷ്മി, ഒടുവിൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നീന വരെ എത്രയെത്ര കഥാപാത്രങ്ങൾ മോഹൻലാലിനും രവീന്ദ്രനും ഒപ്പം രംഗം എന്ന നൃത്ത പ്രധാനമായ ചിത്രത്തിൽ ശോഭന, ചന്ദ്രിക എന്ന നർത്തകിയായിരുന്നു. =വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതുമീ പനിനീർ തടാകമൊരു പുണ്യതീർഥം  എന്ന നൃത്തരംഗത്തിലാണ് ഞാൻ ശോഭനയുടെ സൗന്ദര്യം ഏറ്റവുമധികം നോക്കിയിരുന്നത്. കൃഷ്ണചന്ദ്രന്റെ ആലാപന ശൈലിയോടുള്ള ആരാധനയും ആ രംഗം വീണ്ടും വീണ്ടും കാണുവാൻ എനിക്കു പ്രേരണയായി .

പതിന്നാലു വയസ്സിൽ ബാലചന്ദ്ര മേനോന്റെയും മമ്മൂട്ടിയുടെയും നായികയായി . റഹ്മാനൊപ്പം ശോഭനയുടെ പാശ്ചാത്യ രീതിയിലുള്ള നൃത്തങ്ങൾ 80 കളിലെ തരംഗമായിരുന്നു. ഒരു മധുരക്കിനാവിൻ ലഹരിയിലെന്നോ കുടമുല്ലപ്പൂ വിരിഞ്ഞു.. കണ്ടാലും കേട്ടാലും മതിയാകാത്ത ചടുലതയും ഉടലിളക്കങ്ങളും . യൂട്യൂബിൽ തരംഗമായ ആ നൃത്തരംഗം. എന്തൊരാവേശം എന്തൊരുന്മാദം ഒന്നു പുൽകാൻ തേൻ വണ്ടു ഞാൻ അഴകേ തേൻ വണ്ടു ഞാൻ .. കൂടെ പാടാത്തവരുണ്ടോ ? കൂടെ ചെറുതായെങ്കിലും മെയ്യിളകിപ്പോകാത്തവരുണ്ടോ ? കലയാണ് ജീവിതം . നൃത്തമാണ് ജീവൻ. ബാലചന്ദ്ര മേനോൻ സിനിമയിലേക്ക് വിളിച്ചില്ലായിരുന്നെങ്കിലോ എന്ന ജോണി ലൂക്കോസിന്റെ ചോദ്യത്തിന് രാജ്കപൂർ ചിലപ്പോൾ വിളിച്ചേനെ  എന്ന ഏറ്റവും മികച്ച ഉത്തരം, കുടുംബം, വിവാഹം, കുട്ടികൾ എന്നെക്കെ പതിവ് ചോദ്യങ്ങളുമായി സമീപിക്കാൻ പത്രപ്രവർത്തകർ ഒന്നറയ്ക്കും ഈ നടിയോട് . ആത്മവിശ്വാസം അത്രക്കുള്ളവരുടെ ആ തലപ്പൊക്കമുണ്ടല്ലോ, നിർഭയതയുണ്ടല്ലോ അതാണ് ശോഭന.

ശോഭനക്ക് 51 വയസ്സാകുന്നു ഇന്ന് . 80 കളിൽ തുടങ്ങി ഇന്നും ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രിയ നർത്തകിയും നടിയും . സ്ത്രീകളിൽ പൊതുവേ കാണാനാകാത്ത അലസമായ ആ സാരി ചുറ്റലിൽ ഞാൻ ശരിക്കും പെട്ടു പോയിട്ടുണ്ട്. ആരോഗ്യവതിയും നർത്തകിയും നടിയും സുന്ദരിയുമായിരിക്കട്ടെ ദീർഘകാലം . ഇങ്ങനെ ചിലരെ ആരാധിക്കുമ്പോൾ ആരാധനയും മികച്ച ഒരാരാധനയാകുന്നു. നീയെൻ മോഹവല്ലി ജന്മദിനാശംസകൾ
 

writer saradakutty note about actress shobhana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES