ഏവരും കാത്തിരിക്കുന്ന ഒരു ചിത്രമാണ് പാപ്പന്റെ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന "പാപ്പന്റെ" ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തി. സെറ്റിലെ അണിയറ പ്രവർത്തകർക്കെല്ലാം കൈനീട്ടം നൽകിയ സുരേഷ് ഗോപി സെറ്റിൽ വിഷു ആഘോഷിക്കുകയും ചെയ്തു. ഈ ചിത്രമാണ് ഇപ്പോൾ വൈറൽ. എല്ലാവര്ക്കും കൈനീട്ടം കൊടുക്കുന്ന താരത്തിനെ നിരവധിപേരാണ് അഭിനന്ദിച്ചത്.
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ് ഗോപി. രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. അതിനു മുൻപ് 1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.