ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും. ബോളിവുഡിലെ മിന്നും താരമാണ് അനുഷ്‌ക. വിരാട് ആകട്ടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റേയും ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സിന്റേയും നായകന്‍. ആരാധകര്‍ സ്‌നേഹത്തോടെ വിരുഷ്‌ക എന്നു വിളിക്കുന്ന ഇരുവര്‍ക്കും ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ആദ്യ കണ്‍മണി ജനിച്ചത്. സെലിബ്രിറ്റികളുടെ മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി നിര്‍ത്തിയാണ് വിരാടും അനുഷ്‌കയും വ്യത്യസ്തരാകുന്നത്.
എന്നാല്‍ ഇപ്പോഴിതാ, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീരിസില്‍ കളിക്കാനായി ഇംഗ്ലണ്ടിലേക്ക് തിരിച്ച വിരാടിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും അനുഗമിച്ച് അനുഷ്‌ക ശര്‍മ്മയും മകള്‍ വാമികയും പോയിരുന്നു. വിരാടിനൊപ്പം ബുധനാഴ്ച രാത്രി മുംബൈ എയര്‍പോര്‍ട്ടിലെത്തിയ അനുഷ്‌കയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനോട് താല്‍പ്പര്യമില്ലാത്ത അനുഷ്‌കയും വിരാടും മകളെ ക്യാമറക്കണ്ണില്‍ പെടാത്ത രീതിയില്‍ മറച്ചുപിടിച്ചിരിക്കുകയാണ് ചിത്രങ്ങളില്‍.
തങ്ങളുടെ മകളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ചിത്രവും ഇരുവരും പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നില്‍ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടുനല്‍കുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയില്‍ ക്വാറന്റെയ്‌നില്‍ ഇരിക്കവേ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി വിരാട് കോലി ചാറ്റിങ്ങിന് സമയം കണ്ടെത്തിയിരുന്നു. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കോലി. ഈ സംഭാഷണം രസകരമായി മുന്നേറവെ ഇടയ്ക്ക് ഒരു ചോദ്യം കണ്ട് കോലി ആദ്യം ഒന്ന് ഞെട്ടി. പിന്നീട് ചിരിച്ചു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുടെ ചോദ്യമായിരുന്നു അത്. ഹെഡ്‌ഫോണ്‍ എവിടെയാണ് വെച്ചത് എന്നായിരുന്നു അനുഷ്‌കയ്ക്ക് അറിയേണ്ടിയിരുന്നത്. ബെഡ്ഡിന് അടുത്തുള്ള മേശയുടെ മുകളിലുണ്ടെന്ന് കോലി മറുപടിയും നല്‍കി.
മകള്‍ വാമികയെ കുറിച്ചും ആരാധകര്‍ ചോദിച്ചു. വാമികയുടെ ഒരു ചിത്രം പങ്കുവെയ്ക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'സോഷ്യല്‍ മീഡിയയില്‍ വാമികയുടെ ചിത്രം പങ്കുവെയ്ക്കില്ല. സോഷ്യല്‍ മീഡിയ എന്താണെന്ന് മനസ്സിലാക്കുന്ന പ്രായമെത്തുമ്പോള്‍ ഇതെല്ലാം അവള്‍ തീരുമാനിക്കട്ടെ.' ഇതായിരുന്നു കോലി ആ ചോദ്യത്തിന് നല്‍കിയ മറുപടി.