ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം തിയേറ്ററുകളിലെത്തി. തിയേറ്ററുകള്‍ പൂരപ്പറമ്പാക്കിയാണ് സിനിമയെ ആരാധകര്‍ എതിരേറ്റത്. പുലര്‍ച്ചെയുള്ള ഷോ കാണാന്‍ ഇന്നലെ രാത്രി മുതല്‍ ആരാധകര്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ തമ്പടിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ലോകേഷ് കനകരാജിന്റെ സംവിധാന മികവിനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ എന്ന് ചിലര്‍ സിനിമയെ വിശേഷിപ്പിക്കുമ്പോള്‍, വിജയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നാണ് മറ്റു ചിലര്‍ കുറിക്കുന്നത്.
''വിജയുടെ പ്രകടനം പീക്ക് ലെവലിലേക്ക് ഉയര്‍ത്തി. ഓരോ ആക്ഷന്‍ രംഗങ്ങളും രോമാഞ്ചം ജനിപ്പിക്കുന്നു. സസ്പെന്‍സും ഇന്റര്‍വെല്‍ ബ്ലോക്കും ഗംഭീരം. രണ്ടാം ഭാഗവും ഇതേ രീതിയില്‍ പോയാല്‍ സിനിമ ബ്ലോക്ക് ബസ്റ്ററാകും '' സിനിമയുടെ ആദ്യ പകുതി കണ്ടതിന് ശേഷം ഒരു ആരാധകന്‍ എഴുതി.
മറ്റൊരു ഉപയോക്താവ് ലിയോ ഒരു 'മികച്ച' സിനിമയാണെന്നും എന്തുവിലകൊടുത്തും അത് കാണണമെന്നും വാദിച്ചു. അതേസമയം സിനിമ വിക്രത്തിനൊപ്പം വരില്ലെന്നാണ് പൊതു അഭിപ്രായം. ക്രിയേറ്റീവ് ഡയറക്ടര്‍ തന്റെ ലോകേഷ് കനകരാജ് തന്റെ 'കൈതി', ' വിക്രം ' എന്നീ സിനിമകളിലുടനീളം താരങ്ങളെ കൊണ്ടുവന്ന് സിനിമാറ്റിക് യൂണിവേഴ്സ് ട്രെന്‍ഡ് സൃഷ്ടിച്ചിരുന്നു.
ലിയോയും ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോയെന്ന ചോദ്യങ്ങള്‍ ചിത്രത്തിന്റെ തുടക്കം മുതലേ ഉയര്‍ന്നിരുന്നു. ഏകദേശം ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'ലിയോ' റിലീസ് ചെയ്തതോടെയാണ് എല്‍സിയു ചിത്രം തന്നെയാണോയെന്ന ചോദ്യത്തിന് ഉത്തരമാകുന്നത്. അതെ, 'ലിയോ' ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണെനന്നതാണ്.
വിജയ് നായകനായ ലിയോയെ സിനിമാറ്റിക് യൂണിവേഴ്‌സുമായി സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 'ലിയോ' ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ആക്ഷന്‍ ഡ്രാമ മെഗാ-ബ്ലോക്ക്ബസ്റ്ററായാണ് ഒരുക്കിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, സാന്‍ഡി തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകള്‍ മികച്ചതാക്കി കൊണ്ട് സിനിമയ്ക്ക് കരുത്ത് പകര്‍ന്നു.
അനിരുദ്ധ് രവിചന്ദര്‍ തന്റെ സംഗീതത്തിലൂടെ ചിത്രത്തിന്റെ റേഞ്ച് മാറ്റി മറിച്ചു. 'ലിയോ' നിരവധി റെക്കോര്‍ഡുകള്‍ റിലീസിന് മുന്നേ മറികടന്നിരുന്നു. പ്രീ ബുക്കിങ്ങില്‍ ഷാരൂഖ് ഖാന്റെ ജവാനെ പിന്തള്ളിയാണ് ലിയോ റെക്കോര്‍ഡ് സൃഷ്ടിച്ചത്. കേരളത്തില്‍ ഓപ്പണിങ് കളക്ഷന്‍ എട്ട് കോടിക്ക് മുകളില്‍ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് വിലയിരുത്തല്‍.