Latest News

മുളവുകാട് അനധികൃത കെട്ടിട നിർമ്മാണക്കേസ്: എം.ജി.ശ്രീകുമാറിനെ പത്താം പ്രതിയാക്കി അന്വേഷണ റിപ്പോർട്ട് നൽകിയെങ്കിലും പഴുതുകൾ ഒരുക്കി കൊടുത്ത് വിജിലൻസ്

Malayalilife
മുളവുകാട് അനധികൃത കെട്ടിട നിർമ്മാണക്കേസ്: എം.ജി.ശ്രീകുമാറിനെ പത്താം പ്രതിയാക്കി അന്വേഷണ റിപ്പോർട്ട് നൽകിയെങ്കിലും പഴുതുകൾ ഒരുക്കി കൊടുത്ത് വിജിലൻസ്

ബോൾഗാട്ടി പാലസിന് അടുത്ത് മുളവുകാട് വില്ലേജിൽ, ഗായകൻ എം.ജി. ശ്രീകുമാറിന്റെ പേരിലുള്ള അനധികൃത കെട്ടിട നിർമ്മാണക്കേസ് തദ്ദേശഭരണ ഓംബുഡ്‌സ്മാൻ അന്വേഷിക്കണമെന്ന് വിജിലൻസ്. ബോൾഗാട്ടിയിൽ കായൽ കയ്യേറി വീട് നിർമ്മിച്ച കേസിൽ എം.ജി. ശ്രീകുമാർ പത്താംപ്രതിയാണ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അദ്ദേഹത്തിനു പുറമെ മുളവുകാട് പഞ്ചായത്ത് മുൻസെക്രട്ടറിമാരും ഓവർസീയർമാരുമാണ് ഒന്നു മുതൽ ഒൻപതുവരെയുള്ള പ്രതികൾ. റിപ്പോർട്ട് മധ്യവേനൽ അവധിക്കുശേഷം കോടതി പരിഗണിക്കും.

തീരദേശ പരിപാലനച്ചട്ടം ലംഘിച്ചാണു വീട് നിർമ്മിച്ചതെന്നും അതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. കൂടുതൽ അന്വേഷണത്തിനു പഞ്ചായത്ത് ഒംബുഡ്സ്മാനു കേസു വിടാവുന്നതാണെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എന്നാൽ, കോടതി നിർദ്ദേശിക്കുന്നതനുസരിച്ച് വിശദമായ അന്വേഷണത്തിനു തയാറാണെന്നും വ്യക്തമാക്കി.

പഴയകെട്ടിടം പൊളിച്ചുനീക്കുന്നതിനും അവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുമായിരുന്നു ശ്രീകുമാർ അപേക്ഷിച്ചത്. ബലക്ഷയമുള്ളതും ഉപയോഗശൂന്യവുമായതിനാൽ പൊളിച്ചുകളയാൻ അനുമതി തേടിയാണ് അപേക്ഷ സമർപ്പിച്ചത്. ബിൽഡിങ് പ്ലാൻ, എസ്റ്റിമേറ്റ് തുടങ്ങിയവ പരിശോധിച്ച് അനുമതി നൽകിയതിലും ഓവർസിയർ ഗുരുതരമായ പിഴവുവരുത്തി. കായലിൽനിന്ന് ഒന്നരമീറ്റർ പോലും അകലം പാലിക്കാതെയായിരുന്നു നിർമ്മാണം.

ഇക്കാര്യം അറിഞ്ഞിട്ടും നിർമ്മാണം തടയാനോ, കാരണംകാണിക്കൽ നോട്ടിസ് കൊടുക്കാനോ, റിപ്പോർട്ട് ചെയ്യാനോ പഞ്ചായത്ത് സെക്രട്ടറി തയാറായില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലൻസ് കേസെടുത്തത്. എന്നാൽ, അനധികൃതകെട്ടിടം പണിയാൻ അനുവദിച്ചതിനു പണംവാങ്ങിയതായി തെളിഞ്ഞിട്ടില്ല. ഗൂഢാലോചനയുണ്ടോ എന്നു കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്.

ഉദ്യോഗസ്ഥതല അഴിമതികൾ അന്വേഷിക്കാനുള്ള തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാൻ മാത്രം അന്വേഷിച്ചാൽ മതിയെന്ന ശുപാർശ അംഗീകരിച്ചാൽ കേസ് അപ്രസക്തമാകും. ഉദ്യോഗസ്ഥർ മാത്രമായി ഇതിലെ പ്രതികൾ ചുരുങ്ങുകയും ചെയ്യും. സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത ശ്രീകുമാറിനെതിരേ ഏതുരീതിയിൽ ഓംബുഡ്സ്മാന് അന്വേഷണം നടത്താനാകും എന്ന പ്രശ്‌നവും ഇതോടൊപ്പം ഉയരും. കേസിലെ പ്രധാന പ്രതികളായി പരാതിക്കാരൻ ആരോപിച്ചിരിക്കുന്നവരിൽ ഒരാളാണ് ശ്രീകുമാർ.

മുളവുകാട് വില്ലേജിൽ 11.5 സെന്റ് സ്ഥലമാണ് ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളത്. 2010-ലാണ് ഈ സ്ഥലം വാങ്ങിയത്. കായലിനോടുചേർന്ന സ്ഥലത്ത് തീരദേശ പരിപാലന ചട്ടവും പഞ്ചായത്തീരാജ് കെട്ടിട നിർമ്മാണവ്യവസ്ഥകളും ലംഘിച്ച് കെട്ടിടം നിർമ്മിച്ചു എന്നു കാണിച്ചാണ് വിജിലൻസിൽ പരാതി. കെട്ടിടനിർമ്മാണത്തിന് മുളവുകാട് പഞ്ചായത്ത് അനധികൃതമായി അനുമതി നല്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എംജി ശ്രീകുമാറിനെതിരെ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. മുളവുകാടുള്ള സ്ഥലത്ത് ചടങ്ങൾ മറികടന്ന് കെട്ടിട നിർമ്മാണം നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണംഎറണാകുളം ജില്ലയിലെ മുളവുകാട് വില്ലേജിൽ ബോൾഗാട്ടി പാലസിന് സമീപം എംജി ശ്രീകുമാറിന്റെ പേരിൽ 11.5 സെന്റ് സ്ഥലമുണ്ട്. 2010ലാണ് എംജി ശ്രീകുമാർ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.

എന്നാൽ കായൽക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് പരാതിക്കാരന്റെ ആരോപണം. കെട്ടിടം നിർമ്മിച്ചപ്പോൾ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിർമ്മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. മുളവുകാട് പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജീനിയറാണ് അനധികൃത കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതെന്നും, ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നും കളമശേരി സ്വദേശിയുടെ പരാതിയിൽ പറയുന്നുണ്ട്.

vigilance case against mg sreekumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES