നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. നിലവിൽ താരം ഒരു രാജ്യസഭാ അംഗം കൂടിയാണ്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയുടെ പുതിയ ലുക്കിൽ സംശയം പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ ചോദ്യം സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ”ഇത് മാസ്‌ക് ആണോ അതോ താടിയാണോ” എന്നായിരുന്നു. ”താടിയാണ് സാർ, ഇതെന്റെ പുതിയ ലുക്ക്, പുതിയ സിനിമക്കു വേണ്ടി” എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഒരു നിമിഷം സഭാ അംഗങ്ങളെല്ലാം ഉപരാഷ്ട്രപതിയുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു.
അതേ സമയം സുരേഷ് ഗോപി പുതിയ ലുക്ക് പാപ്പൻ സിനിമക്കുവേണ്ടിയാണ് സ്വീകരിച്ചത്. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ. വൻ സ്വീകാര്യതയാണ് ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
എബ്രഹാം മാത്യൂസ് പാപ്പൻ ഐപിഎസ്എന്ന കഥാപാത്രത്തെയാണ് സലാം കാശ്‍മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും അഭിനയിക്കുന്നു.