ഹനീഫ് അദേനി ചിത്രം മിഖായേലില്‍ തീയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ വില്ലന്‍ കഥാപാത്രം മാര്‍ക്കോ ജൂനിയറിന് മികച്ച അഭിപ്രായമാണ് നേടിയത്. മാര്‍ക്കോ ക്ലൈമാക്‌സ് രംഗത്തില്‍ ആശുപത്രിയിലെത്തുമ്പോള്‍ ഡോക്ടറായ നായികയോട് തീട്ടം പരിശോധിക്കാന്‍ വന്നതാ എന്നു പറയുന്ന രംഗമുണ്ട്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ആദ്യം ആയ്യേ എന്ന പറഞ്ഞെങ്കിലും പിന്നീട് നിറഞ്ഞ് കയ്യടിച്ചു. ഉണ്ണിയുടെ കരിയറിലെ ഏറ്റവും മികച്ച വില്ലന്‍ റോള്‍ തന്നെയാണ് മാര്‍ക്കോ ജൂനിയറെന്ന് തുറന്നടിച്ചിരിക്കുകയാണ് താരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം കഥാപാത്രത്തെ ക്കുറിച്ച് വെളിപ്പെടുത്തിയത്.
ആദ്യം ഹീറോ എന്ന രീതിയില്‍ വന്ന്, പിന്നീടൊരു ട്വിസ്റ്റിനു ശേഷം കഥാപാത്രത്തിന്റെ വില്ലത്തരം പ്രകടമാകുന്ന രീതിയിലായിരുന്നു. എന്റെ ആദ്യ സിനിമ ബാങ്കോക്ക് സമ്മറിലും അവസാനമെത്തിയ മാസ്റ്റര്‍പീസിലും ഇതേ രീതിയിലുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. മിഖായേലില്‍ അങ്ങനെയല്ല. ഈ സിനിമയിലെ വില്ലന്‍ ഞാന്‍ തന്നെയാണ്.
മാര്‍ക്കോ ജൂനിയറിന്റെ മാസ് ലുക്ക് വന്ന വഴിയും ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. കഥാപാത്രം ഞാന്‍ ചെയ്യാമെന്നു ധാരണയായതിനു ശേഷം മാര്‍കോ ജൂനിയറിന്റെ വേഷത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമായി ചര്‍ച്ചകള്‍. മാര്‍കോ ജൂനിയറിന്റെ കുറെ സ്‌കെച്ചുകള്‍ ഞാന്‍ ഹനീഫിന് അയച്ചുകൊടുക്കും. ഹനീഫ് എനിക്കും അയച്ചു തരും.
അങ്ങനെയുള്ള ചര്‍ച്ചകളിലൂടെയാണ് ആ കഥാപാത്രത്തിന്റെ ലുക്ക് പരുവപ്പെട്ടത്. താടി, മുടിയുടെ സ്റ്റൈല്‍... അങ്ങനെ ഓരോ ചെറുതും വലുതുമായ കാര്യങ്ങള്‍ ഈ ചര്‍ച്ചയില്‍ വന്നു. എന്നെ ഇതുവരെ ആളുകള്‍ കണ്ടിട്ടില്ലാത്ത രീതിയില്‍ അവതരിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. വ്യക്തിജീവിതത്തിലായാലും സിനിമയിലായാലും വളരെ സ്റ്റൈലിഷ് ആയി ഞാന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതും ഈ കഥാപാത്രത്തിനു ഗുണകരമായി.