അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് നായകന്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആക്ഷന്‍ ഗണത്തില്‍പ്പെട്ട ചിത്രമാണ്. ആന്റോ ജോസഫ്, ജോമോന്‍ ടി . ജോണ്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.
ഷെയ്ന്‍ നിഗം പ്രധാന വേഷത്തില്‍ എത്തിയ ഇഷ്‌ക് എന്ന ശ്രദ്ധേയമായ സിനിമ സംവിധാനം ചെയ്താണ് അനുരാജ് മനോഹര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി ശേഖരവര്‍മ്മ രാജാവ് എന്ന ചിത്രം അനുരാജ് സംവിധാനം ചെയ്യുന്നുണ്ട്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.
എസ്. രഞ്ജിത്താണ് കഥ ഒരുക്കുന്നത്. ശേഖര വര്‍മ്മരാജാവിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. മിക്കവാറും അതിനു മുന്‍പ് ടൊവിനോ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാവാനാണ് സാദ്ധ്യത. അതേസമയം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തില്‍ അഭിനയിക്കുകയാണ് ടൊവിനോ തോമസ്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ഭാവന ആണ് നായിക.
ടൊവിനോയെ നായകനാക്കി അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി സെപ്തംബര്‍ 23ന് ചിത്രീകരണം ആരംഭിക്കും. വഴക്ക്, അന്വേഷിപ്പിന്‍ കണ്ടെത്തും, അജയന്റെ രണ്ടാം മോഷണം എന്നീ ടൊവിനോ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു.