ദുല്‍ഖറും പൃഥ്വിരാജും ഇന്നത്തെ മലയാള സിനിമയുടെ അംബാസിഡര്‍മാരാണെന്ന് ടൊവീനോ തോമസ്. ഇത്രയേറെ ഭാഷകളില്‍ അഭിനയിച്ചവരില്‍, ചെറുപ്പക്കാരില്‍ ദുല്‍ഖറും പൃഥ്വിരാജും മാത്രമാണുള്ളതെന്നും ടൊവീനോ പറയുന്നു.'പൃഥ്വിരാജ് എനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ്. മികച്ചൊരു ടെക്‌നീഷ്യന്‍ കൂടിയാണ് അദ്ദേഹം. ഒരു സിനിമാ സെറ്റിലെ എല്ലാ വശങ്ങളും ഹൃദിസ്ഥമായ ആള്‍. മെല്‍ ഗിബ്‌സനെയും കമല്‍ഹാസനെയും പോലുള്ള ഒരാള്‍. അതുകൊണ്ടാണ് ഞാന്‍ കൂടി ഭാഗമായ ലൂസിഫറിനുവേണ്ടി കാത്തിരിക്കുന്നത്.
ദുല്‍ഖര്‍ എന്റെ നല്ലൊരു കൂട്ടുകാരനാണ്. മുമ്പ് ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ പൊതുവായ വിഷയങ്ങള്‍ ഉണ്ടായിരുന്നില്ല. ദുല്‍ഖറിന് കാറുകളോട് വലിയ ഇഷ്ടമാണ്. എനിക്ക് അത് അത്ര താത്പര്യമില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്കൊരു പൊതു വിഷയമുണ്ട്. ഞങ്ങള്‍ രണ്ടുപേരും അച്ഛന്മാരാണ്. ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ മക്കളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്.
കഠിനാധ്വാനിയായ ഒരു നടനാണ് ദുല്‍ഖര്‍. ഒരുപാട് മെച്ചപ്പെടുന്നുമുണ്ട്. ദുല്‍ഖര്‍ ചെയ്യുന്നതുപോലെ ഇത്രയേറെ ഭാഷകള്‍ സംസാരിക്കാന്‍ എനിക്കാവില്ല. ഇത്രയേറെ ഭാഷകളില്‍ അഭിനയിച്ചവരില്‍ ചെറുപ്പക്കാരില്‍ ദുല്‍ഖറും പൃഥ്വിരാജും മാത്രമാണുള്ളത്. ഇന്നത്തെ മലയാള സിനിമയുടെ അംബാസിഡര്‍മാരാണ് ഇവര്‍. ടൊവീനോ കൂട്ടിച്ചേര്‍ത്തു.
മധുപാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനാണ് ടൊവീനോയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. നിമിഷ സജയന്‍, നെടുമുടി വേണു, ശരണ്യ പൊന്‍ വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്.
നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം നവംബര്‍ ഒന്‍പതിന് തീയേറ്ററുകളിലെത്തും.