Latest News

ഡി ഐ ജി ഹരീന്ദ്രശര്‍മ്മ പൊളിച്ചു;'ജന ഗണ മന' എനിക്ക് വഴിത്തിരിവായ ചിത്രം: ടോം കോട്ടക്കകം

Malayalilife
ഡി ഐ ജി ഹരീന്ദ്രശര്‍മ്മ പൊളിച്ചു;'ജന ഗണ മന' എനിക്ക് വഴിത്തിരിവായ ചിത്രം: ടോം കോട്ടക്കകം

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഗംഭീര അഭിനയം കാഴ്ചവെച്ച 'ജന ഗണ മന' കണ്ട പ്രേക്ഷകര്‍ക്കാര്‍ക്കും ഡി ഐ ജി ഹരീന്ദ്രശര്‍മ്മയെ മറക്കാനാവില്ല. സംഘര്‍ഷഭരിതമായ ഔദ്യോഗിക ജീവിതത്തിനിടയിലും സഹപ്രവര്‍ത്തകരോട് മനുഷ്യസ്നേഹം തുളുമ്പിനില്‍ക്കുന്ന ആ കഥാപാത്രത്തെ തിയേറ്റര്‍ വിട്ടിറങ്ങിയാലും നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല. '101 ചോദ്യങ്ങള്‍' എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് ദേശീയപുരസ്ക്കാരം നേടിയ നിര്‍മ്മാതാവും നടനുമായ ടോം കോട്ടക്കകമാണ് ഡി ഐ ജി ഹരീന്ദ്രശര്‍മ്മയ്ക്ക് ജന ഗണ മന യില്‍ ജീവന്‍ നല്‍കിയത്.

മലയാള സിനിമയില്‍ നിര്‍മ്മാണരംഗത്ത് കൈയ്യൊപ്പ് ചാര്‍ത്തി വന്ന നടന്‍ കൂടിയാണ് ടോം കോട്ടക്കകം.പിന്നീട് ശ്രദ്ധേയമായ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ ജന ഗണ മന തന്‍റെ സിനിമാ ജീവിതത്തിന് വഴിത്തിരിവാകുകയാണെന്ന് ടോം  പറയുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍ നിര്‍മ്മിച്ചതിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചു. പക്ഷേ അന്നൊന്നും കിട്ടാത്ത പ്രേക്ഷക സ്വീകാര്യത യാണ് ഇപ്പോൾ  എനിക്ക് ലഭിച്ചത്. സിനിമ എനിക്ക് പാഷനാണ്. സിനിമയെ അത്രയേറെ സ്നേഹിക്കുന്നതുകൊണ്ടാണ് നിര്‍മ്മാണവുമായി സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതിനിടെ പല പ്രമുഖ നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ജന ഗണ മന യിലെ ഡിഐജി കഥാപാത്രത്തിലേക്ക് എന്നെ ഒരു സുഹൃത്ത് വഴി ക്ഷണിക്കുകയായിരുന്നു. പാന്‍ ഇന്ത്യ ഗണത്തില്‍ പെട്ട ഇത്രയും വലിയ  സിനിമയിലേക്ക് എന്നെ ക്ഷണിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. എന്നെ ഏല്‍പ്പിച്ച കഥാപാത്രമായ ഡി ഐ ജി ഹരീന്ദ്രശര്‍മ്മയെ എന്നാല്‍ കഴിയുംവിധം മനോഹരമായി തന്നെ അവതരിപ്പിച്ചു. കഥാപാത്രത്തിന് ശബ്ദം നല്‍കിയതും ഞാന്‍ തന്നെയായിരുന്നു.ചിത്രത്തില്‍ വളരെ ഉത്തരവാദിത്വമുള്ള കഥാപാത്രമായിരുന്നു ഡി ഐ ജി ഹരീന്ദ്രശര്‍മ്മ. സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി വലിയ സപ്പോര്‍ട്ടാണ് എനിക്ക് നല്‍കിയത്. ചെറിയ പിശകുകള്‍ പോലും തിരുത്തി കൂടെ നിര്‍ത്തി. രാജുവും സുരാജേട്ടനുമൊക്കെയുള്ള നല്ലൊരു ടീമായിരുന്നു ജന ഗണ മനയുടേത്. വളരെ സന്തോഷത്തോടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന  അന്തരീക്ഷമായിരുന്നു. എല്ലാവര്‍ക്കും നല്ല ആത്മവിശ്വാസം നല്കുന്ന സപ്പോര്‍ട്ടുമായി സംവിധായകന്‍ കൂടെനിന്നു. സിനിമാ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒട്ടേറെ അനുഭവങ്ങള്‍ ജന ഗണ മന യുടെ ലൊക്കേഷന്‍ എനിക്ക് നല്കിയിട്ടുണ്ട്. സുരാജേട്ടന്‍  എല്ലാ കാര്യത്തിനും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ടായിരുന്നു. അങ്ങനെ നല്ലൊരു ടീമിന്‍റെ സഹകരണം തന്നെയാണ് എനിക്ക് നല്ല രീതിയില്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്.

വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളുടെ പൊളിച്ചെഴുത്താണ് ജന ഗണ മന പറയുന്നത്. മലയാളത്തില്‍ ഇന്നേവരെ പരീക്ഷണത്തിന് പോലും തയ്യാറാവാത്ത വിഷയവും സമീപനങ്ങളുമായിരുന്നു ചിത്രത്തിന്‍റേത്. വളരെ ഗൗരവമുള്ള വിഷയം എല്ലാ പ്രേക്ഷകര്‍ക്കും ദഹിക്കുംവിധം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ ചിന്തിപ്പിക്കുകയും നമ്മുടെ ചുറ്റുപാടുകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. എല്ലാത്തരത്തിലും മികച്ച ഈ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എനിക്ക് അതിന് അവസരം നല്കിയ സംവിധായകനോടും നിര്‍മ്മാതാക്കളോടും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോടും ഒത്തിരി നന്ദിയുണ്ട്. ടോം കോട്ടക്കകംപറയുന്നു.  

tom kottakkakam words about jana gana mana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES