സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. കൂടാതെ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നമ്പര്‍ പ്രദര്‍ശിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്.
8590599946 എന്ന നമ്പറിലേക്ക് വിളിച്ച് പരാതികള്‍ അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യമാകും. സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുകയെന്ന് ഫെഫ്ക അറിയിച്ചു. പരാതി ഗുരുതര സ്വഭാവം ഉള്ളതാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെ നമ്പര്‍ ആക്റ്റീവ് ആകുമെന്നും ഫെഫ്ക അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയിലെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യം യോഗം ചേര്‍ന്നിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ വേണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് ഫെഫ്ക മുന്‍കൈ എടുത്തത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമം നടത്തിയതായി പരാമര്‍ശമുള്ള എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്ന് ഫെഫ്ക മുന്‍പ് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചിരുന്നു.
അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവര്‍ക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫെഫ്കയുടെ പുതിയ നീക്കം.