ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഡബ്ലൂസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങള്‍ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കക്ക് വിമര്‍ശനം ഉണ്ട്. പ്രധാന വിമര്‍ശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം.
ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങള്‍ക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പന്ത്രണ്ടാം പേജില്‍ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി. ഹേമ കമ്മറ്റി ഡബ്ല്യുസിസിയുമായി ഗ്രൂപ്പ് മീറ്റിംഗ് നടത്തി എന്ന് പറയുന്നു എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കാണം. ഇതെല്ലാം വ്യക്തമാക്കുന്നത് കൃത്യമായൊരു 'ഒഴിവാക്കല്‍' നടന്നിട്ടുണ്ടെന്നാണ്. ഏറ്റവും കൂടുതല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവുകളെ കുറിച്ചാണ്. എന്നാല്‍ ഹേമ കമ്മിറ്റി അവരുടെ യുണിയന്‍ നേതാവിനെ എന്തുകൊണ്ട് ബന്ധപെട്ടില്ലെന്ന് അറിയില്ല. ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ ഹേമ കമ്മറ്റി നടത്തിയ പരാമര്‍ശം ദുഷ്ടലാക്കോടെയുള്ളതാണെന്നാണ് ഫെഫ്കയുടെ നിലപാട്.
സ്ത്രീ ശാക്തീകരണത്തില്‍ ഡബ്ല്യുസിസിയുടെ പങ്കിനെ ഫെഫ്ക ആദരവോടെ കാണുന്നു. റിപ്പോര്‍ട്ടില്‍ ആണധികാരത്തെ കുറിച്ചുള്ള ആശങ്കയുണ്ട്. എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേര്‍ത്തിരിക്കുന്നത് അതുകൊണ്ടാണ്. 'ഒരു സംവിധായകനും ഛായാഗ്രാഹനും നന്നായി പെരുമാറി' എന്ന് റിപ്പോര്‍ട്ടില്‍ ചേര്‍ത്തതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും ഫെഫ്ക. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അവരുടെ പേര് പുറത്തു വരണം. ആ 15 പേരുകളും പുറത്തു വരണം എന്നാണ് ഫെഫ്ക പറയുന്നത്. അല്ലാതെ പുകമറ സൃഷ്ടിക്കരുത്, അവ്യക്ത മാറണം. സിനിമയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഉടന്‍ പവര്‍ ഗ്രൂപ്പ് ആണ് പിന്നില്‍ എന്നു പറഞ്ഞു ചിലര്‍ മുന്നോട്ട് വരുന്നുണ്ട്, അത് അവസാനിക്കണം.
പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഓഡിഷന്‍ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ കാസ്റ്റിങ് കാള്‍ എന്നൊരു പ്രശ്നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്. അത് പരിഹരിച്ചുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബൈലോയില്‍ ഭേദഗതി വരുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയര്‍ത്തണമെന്നാണ് ഫെഫ്ക തീരുമാനം. അദ്ദേഹം വ്യക്തമാക്കി കോമ്പറ്റീഷന്‍ കമ്മിഷന്‍ നിയമം ജന വിരുദ്ധമാണ്. അതില്‍ ഫെഫ്ക മാത്രം അല്ല മറ്റ് പലര്‍ക്കും പിഴ കിട്ടിയിട്ടുണ്ട്. അങ്ങനെ ആ നിയമത്തെ എതിര്‍ത്തിന്റെ പേരില്‍ പിഴ കിട്ടിയെങ്കില്‍ അതില്‍ അഭിമാനിക്കുന്നു. രാവിലെ ആറു മണിക്ക് സാങ്കേതിക പ്രവര്‍ത്തകരും സംവിധായകനും എത്തും നടീ നടന്‍മാര്‍ വരിക 11 മണിക്കാണ്. പുതിയ കോള്‍ ഷീറ്റ് വ്യവസ്ഥ വരണം. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ഇതില്‍ യോജിപ്പാണ്. പ്രധാന നടനും നടിക്കുംവേണ്ടി സാങ്കേതിക പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം സെറ്റില്‍ കാത്തിരിക്കുന്ന അവസ്ഥ ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും ഫെഫ്ക വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്
മലയാള സിനിമയില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് സാന്ദ്രാ തോമസ്. വനിതാ നിര്‍മ്മാതാവായതു കൊണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടതായി സാന്ദ്രാ തോമസ് മുന്‍പും പറഞ്ഞിട്ടുണ്ട്. കടന്നു വന്ന വഴികളിലെ ബുദ്ധിമുട്ടും വെല്ലുവിളികളും തുറന്നു പറയുന്നതില്‍ സാന്ദ്ര തോമസ് ഒരിക്കലും പിന്നോട്ടു നിന്നിട്ടില്ല.
ഇപ്പോഴിതാ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ്. താരസംഘടനയായ അമ്മയുടെ ഉപസംഘടനയായിട്ടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ വലിയ മൗനം പാലിച്ച സംഘടന, എന്നാല്‍ നിവിന്‍പോളിക്കെതിരായ ആരോപണം വന്നപ്പോള്‍ നിമിഷങ്ങള്‍ക്കകം വാര്‍ത്താക്കുറിപ്പ് ഇറക്കിയെന്നും സാന്ദ്ര തോമസ് പറഞ്ഞു. ചിലര്‍ സ്വേച്ഛാധിപത്യത്തോടെ വെച്ചുകൊണ്ടിരിക്കേണ്ടതല്ല ഈ സംഘടനയെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിറ്റേന്നു മുതല്‍ വിഷയത്തില്‍ മുന്നോട്ടു വന്നു സംസാരിക്കണമെന്ന് അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടിട്ടും, ഇതു നമ്മളെ സംബന്ധിക്കുന്ന വിഷയമല്ല എന്ന സമീപനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലപ്പത്തുള്ളവര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് തനിക്ക് പുറത്തു പ്രതികരിക്കേണ്ടി വന്നത്.
വിഷയത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തു കൊടുത്തു. എന്നാല്‍ ഇത് അംഗങ്ങളോട് ആരോടും ചര്‍ച്ച ചെയ്യാതെയാണ്. ഇത്രയും ദിവസമായിട്ടും ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വരുമ്പോള്‍ നമ്മളെ സംബന്ധിക്കുന്ന വിഷയമല്ലെന്ന് പറയുന്നു. അത് പറഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മാറി നില്‍ക്കുന്നു. എന്നാല്‍ നിവിന്‍ പോളിയുടെ ഒരു വിഷയം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകമാണ് പത്രക്കുറിപ്പ് നിര്‍മ്മാതാക്കളുടെ സംഘടന ഇറക്കിയത്. ചുരുങ്ങിയ പക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെങ്കിലും ചര്‍ച്ച ചെയ്തിട്ടു വേണമായിരുന്നു നല്‍കേണ്ടിയിരുന്നത്. കാരണം ഈ കത്ത് നിര്‍മ്മാതാക്കളുടെ അഭിപ്രായമായിട്ടാണ് പൊതുവില്‍ കണക്കാക്കപ്പെടുക. മുഖ്യമന്ത്രിക്ക് അസോസിയേഷന്‍ നല്‍കിയ കത്ത് ഏകപക്ഷീയം ആയിരുന്നു.
പത്രക്കുറിപ്പുകള്‍ ഇറക്കുന്നതല്ലാതെ, മുന്നോട്ടു വന്നു സംസാരിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനയും അതിന്റെ ഭാരവാഹികളും ഭയപ്പെടുകയാണ്. ഒരുപാട് ആഗ്രഹിച്ചാണ് സിനിമ നിര്‍മ്മിച്ചതും സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാഗമാകാന്‍ ശ്രമിച്ചതും. രണ്ടു സിനിമകള്‍ ചെയ്താല്‍ മാത്രമേ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അംഗമാകാന്‍ കഴിയൂ എന്നായിരുന്നു തനിക്ക് ലഭിച്ച വിവരം. എട്ടു സിനിമകള്‍ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്യുകയും രണ്ടു സിനിമകളുടെ കോ പ്രൊഡ്യൂസറുമായി, ഒരു സിനിമ സ്വന്തമായിട്ട് നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഒരു സിനിമ മാത്രമേ തന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുള്ളൂ എന്നു പറഞ്ഞ് കഴിഞ്ഞ തവണ അസോസിയേഷന്‍ ഇലക്ഷനില്‍ നിന്നും മാറ്റി നിര്‍ത്തി.
അപ്പോ അതിനര്‍ത്ഥം എന്നു പറയുന്നത്, താരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘനയാണത് എന്നല്ലേ. അതല്ലെങ്കില്‍ അമ്മ എന്ന അസോസിയേഷന്റെ ഉപസംഘടനയാണ് നിര്‍മ്മാതാക്കളുടെ സംഘടന എന്നേ ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ... കുറച്ചു പേരുടെ സ്വേച്ഛാധിപത്യമായി വച്ചു കൊണ്ടിരിക്കേണ്ട സംഘടനയുമല്ല നിര്‍മ്മാതാക്കളുടെ സംഘടന. അത് ഞങ്ങളുടെ ഓരോരുത്തരുടേയുമാണ്. ഈ സംഘടന എല്ലാവരുടേതുമാണ്. സംഘടനയെ ചിലര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. അവിടുന്ന് ഇവര്‍ പിടിച്ചിരിക്കുന്ന പിടിവിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്....'' സാന്ദ്ര തോമസ് പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിനോട് നൂറു ശതമാനം യോജിക്കുകയാണ്. കമ്മിറ്റിക്ക് ഞാനും മൊഴി കൊടുത്തിരുന്നു. മൊഴി പുറത്തു വരരുതെന്ന് നടിമാര്‍ പറയുന്നത് സിനിമയിലെ പവര്‍ ഗ്രൂപ്പിനെയും, സിനിമയിലെ പ്രബലന്മാരെയും ഭയന്നിട്ടാണ്. ഇനിയും ഭയന്നിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കണം. സിനിമാമേഖല ഓപ്പണാക്കണം. അല്ലാതെ കുറച്ചുപേരുടെ ഭാഗമായി മാത്രമിരിക്കുകയും അവര്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം അഭിനയിക്കാനും നിര്‍മ്മിക്കാനും അവസരം കൊടുക്കുന്നതും തെറ്റായ പ്രവണതയാണ്. അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുകയാണ്. ചിലരുടെ ഇംഗിതങ്ങള്‍ സംരക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ഉണ്ട്. അത് തുറന്നു പറയുന്നവര്‍ സിനിമയില്‍ ഇല്ലാതാവും. അസോസിയേഷന്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ല...'' സാന്ദ്ര തോമസ് പറയുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്നും, നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്നും ചൂണ്ടിക്കാട്ടി സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.