ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന 'തങ്കമണി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. സെന്‍സര്‍ നടപടികള്‍ക്ക് സ്റ്റേയില്ല, ചിത്രം കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് 'തങ്കമണി'എന്ന ചിത്രം.1987 ല്‍ പി. ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതാ സമയമായി' ആണ് തങ്കമണി വെടിവെപ്പ് ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ സിനിമ.മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിള്ളയും പ്രണിത സുഭാഷും നായികമാരായ് എത്തുന്ന 'തങ്കമണി' ദിലീപിന്റെ 148ാമത് സിനിമയാണ്.