പൊതു സമൂഹത്തിലെ ഓരോ വിഷയങ്ങളേയും നര്‍മ്മം കലര്‍ത്തി പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന കൊച്ചു മിടുക്കന്‍, ഒറ്റവാക്കില്‍ ജുനൈസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെ സോഷ്യല്‍ മീഡിയയിലെ ഓരോ പ്രേക്ഷകര്‍ക്കും സുപരിചതനാണ് ജുനൈസ്. ഇപ്പോളിതാ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ പണി. സിനിമ കണ്ട ഏതൊരാളും മറക്കാത്ത ഒരു മുഖമായി മാറിയിരിക്കുകയാണ് ജൂനൈസിന്റേത്.വില്ലന്‍ കഥാപാത്രമായ സിജൂട്ടനെ അത്രയ്ക്കും ഗംഭീരമാക്കിയത് ജുനൈസാണ്.
ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ജൂനൈസിന് ഷോയ്്ക്ക് ശേഷമാണ് ജോജു അഭിനയിക്കാനുള്ള അവസരവും നല്‍കിയത്. ചിത്രം ഒടിടി യില്‍ റിലീസ് ആയതോടെ താരത്തെക്കുറിച്ചുള്ള കഥകളും പ്രചരിക്കാന്‍ തുടങ്ങി. ചെറിയ പ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ട ആളാണ് താരം. ജുനൈസിന്റെ അച്ഛന്‍ അമ്മയെ കൊലപ്പെടുത്തിയതായിരുന്നു. അന്ന് താരത്തിന് ഒമ്പതുമാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോഴിതാ ഇതിനെക്കുറിച്ച് ജെറി പൂവക്കാല എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒമ്പതാം മാസത്തില്‍ അമ്മയെ നഷ്ടപ്പെട്ടെന്നും അതിനു ശേഷം ഉമ്മയില്ലാതെ ജുനൈസിനെ വളര്‍ത്തിയ ബന്ധുക്കള്‍ക്കും തന്റെ സല്യൂട്ടെന്നുമാണ് ജെറി കുറിക്കുന്നത്.
'ജുനൈസ് എന്ന ചെറുപ്പക്കാരനെ നമ്മള്‍ക്ക് പരിചിതമാണല്ലോ. എന്നാല്‍ ജൂനൈസിന്റെ ജീവിത കഥ വെല്ലുവിളി നിറഞ്ഞതായിരുന്നു. തന്റെ വളരെ ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ടു. പിതാവ് കൊലപ്പെടുത്തുകയായിരുന്നു അമ്മയെ. അന്ന് ജുനൈസിനെ 9 മാസം. പിന്നീട് തന്റെ അമ്മയുടെ ആങ്ങള തന്നെ വളര്‍ത്തുകയായിരുന്നു. ഉമ്മ ഇല്ലാത്ത വിഷമം അറിയിക്കാതെ അവര്‍ തന്നെ വളര്‍ത്തി. ചെറുപ്പത്തിലെ വളരെ വിഷമത്തിലൂടെ പോയ ബാലന്‍. നാട്ടുകാരുടെയും സമൂഹത്തിന്റെയും സഹതാപത്തോടുള്ള നോട്ടം പലപ്പോഴും അവനെ തളര്‍ത്തി. അവന്‍ സമൂഹത്തില്‍ നിന്നു പലപ്പോഴും ഉള്‍വലിഞ്ഞു നിന്നിരുന്നു. മറ്റുള്ളവരുടെ നോട്ടം അവനെ വേദനിപ്പിച്ചു. സ്‌കൂളില്‍ ഒക്കെ പിതാവിനെയും മാതാവിനെയും കുറിച്ച് ചോദിക്കുമ്പോള്‍ അവരില്ല എന്നറിയുമ്പോള്‍ ഉള്ള സഹതാപ പെരുമാറ്റം. ഞാന്‍ അങ്ങ് ഭൂമി പിളര്‍ന്നു താഴോട്ടു പോകട്ടെ എന്ന് വരെ തോന്നിയിട്ടുണ്ട്. പഠിക്കാന്‍ ആവറേജ് കുട്ടി . മറ്റു ആക്ടിവിറ്റി ഒന്നുമില്ല. പലരും പറഞ്ഞു .
ഇവന്‍ ഒരു പൊട്ടനാണ്. ഇവനെ കൊണ്ട് ഒന്നും പറ്റില്ല. മനസ്സിലെ ആഗ്രഹം മുഴുവന്‍ ഫേമസ് ആകണം. മാധ്യമ പ്രവര്‍ത്തകന്‍ ആകണം. മീഡിയയില്‍ വരണം. ഫെയിം ആവണം. അല്ലെങ്കില്‍ ഒട്ടും പരിചയമില്ലാത്തവര്‍ നമ്മളുടെ കൂടെ ഒരു ഫോട്ടോ എടുക്കണം. ആളുകളെല്ലാം കഴിവില്ലെന്ന് പറയുമ്പോഴും
തനിക്ക് തന്നെ ഒന്ന് തെളിയിക്കണം എന്ന് വല്ലാതെ ആഗ്രഹം ഉണ്ടായി. അങ്ങനെ ഏഷ്യനെറ്റില്‍ സെല്‍ മി ദ ആന്‍സര്‍ എന്ന ഓഡിഷന്‍ കാണുന്നു. അത്യാവിശ്യം വായിക്കുന്ന ജുനൈസിനു നല്ല ലോക ജ്ഞാനം ഉണ്ടായിരുന്നു. അങ്ങനെ ആ പരിപാടിയില്‍ സെലക്ഷന്‍ കിട്ടി.
നാട്ടുകാര്‍ക്കെല്ലാം അത്ഭുതം. ഒളിച്ചും പാത്തും നടന്നവന്‍ ഇപ്പോള്‍ ടിവിയില്‍.അവിടെയും അഞ്ചാം റൗണ്ടില്‍ പരാജയം. വീണ്ടും കളിയാക്കലുകള്‍.നമ്മുടെ നാട്ടില്‍ വിജയത്തെക്കാള്‍ കൂടുതല്‍ പരാജയം ആസ്വദിക്കുന്നവര്‍ ആണല്ലോ. വീണ്ടും സൂര്യ ടിവിയില്‍ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടിയില്‍ ഓഡിഷനു പോയി. അതിലും സെലക്ട് ആയി. നന്നായി പെര്‍ഫോം ചെയ്തു. അന്ന് മുതല്‍ കുറ്റം പറഞ്ഞവര്‍ പറയാന്‍ തുടങ്ങി ഇവന്‍ സ്മാര്‍ട്ട് ആണ്. ഈ സമയത്തും ചേട്ടന്റെ തണലില്‍ ആയിരുന്നു. അവരെ ബുദ്ധിമുട്ടിക്കാതെ ഒറ്റയ്ക്ക് ജീവിക്കണം എന്ന് തീരുമാനിച്ചു.
എല്ലാവരും ഗള്‍ഫിന് പോകുവാന്‍ നിര്‍ബന്ധിച്ചിട്ടും ജുനൈസ് വഴങ്ങിയില്ല. ആകെ പ്രശ്‌നങ്ങള്‍. അങ്ങനെ ബാംഗ്ലൂരില്‍ ഒരു എം എന്‍ സി കമ്പനിയില്‍ ജോലി ചെയ്തു. 5 വര്‍ഷം ആ കമ്പനിയില്‍ ജോലിചെയ്തു. പിന്നീട് പിജി പൂര്‍ത്തിയാക്കി. പക്ഷേ ഇതൊന്നും അല്ല അവന്റെ ഫീല്‍ഡ് എന്ന് മനസ്സിലായി. എങ്ങനെയെങ്കിലും മീഡിയയില്‍ വരണം . ഫെയിം ആകണം എന്ന് ആഗ്രഹിച്ചു. അങ്ങനെ വീഡിയോസ് ഒക്കെ ഇടാന്‍ തുടങ്ങി. കളിയാക്കല്‍ മാത്രമായിരുന്നു പ്രതിഫലം. എന്ത് വെറുപ്പിക്കല്‍ ആണ് നീ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ തമിഴ് കണ്‍ടെന്റ് കോപ്പി അടിച്ചു മലയാളത്തില്‍ അപ്ലൈ ചെയ്ത് തുടങ്ങി. അങ്ങനെ മെല്ലെ റീച്ച് ആകുവാന്‍ തുടങ്ങി. ലോക്ക് ഡൗണ്‍ വന്നപ്പോള്‍ പിന്നെ ക്രിയേറ്റര്‍ ആകാം എന്ന് വിചാരിച്ചു.
ടിക്ക് ടോക്കില്‍ ഒന്ന് വളര്‍ന്നു വന്നപ്പോഴേക്കും ടിക്ക് ടോക്ക് ബാന്‍ ആയി. എല്ലാവരും യൂട്യൂബിലേക്ക് ഇടിച്ചു കയറുന്ന സമയം.അങ്ങനെ
യൂട്യൂബില്‍ വീഡിയോ ചെയ്തു തുടങ്ങി. ടിക്ക് ടോക്ക് ഫോളോവേഴ്‌സ് ഇങ്ങോട്ടു വരുമെന്ന് വിചാരിച്ചത് ചീറ്റി. എന്നാല്‍ വീഡിയോ ഇട്ടുകൊണ്ടേ ഇരുന്നു. വീഡിയോകള്‍ ക്ലിക്ക് ആകാന്‍ തുടങ്ങി. മില്യണ്‍ വ്യൂസ് ഒക്കെ ആയി. ഫോളോവേഴ്‌സും ലൈക്കും ഉണ്ടെങ്കിലും തന്റെ കണ്ടന്റുകള്‍ ആവറേജ് കണ്‍ടെന്റ് ആയി ഫീല് ചെയ്തു. അങ്ങനെ പുരോഗമന വാദത്തെ എതിര്‍ക്കുന്ന ആളുകളെ അനുകരിച്ച് ഒരു കാരക്ടര്‍ രൂപപെടുത്തി. ആമിന എന്ന ക്യാരക്ടര്‍. അത് അങ്ങ് വൈറല്‍ ആയി.
പ്രിയപ്പെട്ടവരെ ഇത് വായിക്കുന്ന നിങ്ങള്‍ പല പ്രശ്‌നങ്ങളില്‍ കൂടി കടന്നു പോകുന്നുണ്ടാവാം. ഒരു പക്ഷേ ജീവിതത്തിന്റെ വലിയ നരകത്തില്‍ നിന്നും ആയിരിക്കും ഇത് വായിക്കുന്നത്. അടുത്ത നിമിഷം എന്താകും എന്ന ചിന്തയില്‍ ആയിരിക്കാം ഈ എഴുത്ത് വായിക്കുന്നത്. പ്രിയപ്പെട്ടവരെ നമ്മളെ രക്ഷപ്പെടുത്തുവാന്‍ ആരും വരില്ല.നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ഇറങ്ങി തിരിക്കുക. നിങ്ങളുടെ ജീവിതം നിങ്ങള്‍ തീരുമാനിക്കുക. വിഷമയമുള്ള സുഹൃത്തുക്കളില്‍ നിന്നും ബന്ധുവില്‍ നിന്നും ഓടി മാറുക.നിങ്ങളുടെ ഉള്ളില്‍ ഒരു പാഷന്‍ ഉണ്ടാവും. അത് മുറുകെ പിടിച്ച് അതിനുവേണ്ടി ജീവിക്കുക. ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് നടത്താന്‍ പലരും ശ്രമിക്കും.
നിങ്ങള്‍ക്ക് Yes എന്ന് പറയുവാന്‍ കഴിയത്തിടത്ത് No തന്നെ പറയുക. നിങ്ങള്‍ നോ പറഞ്ഞാല്‍ കുറച്ച് ദിവസം അത് പ്രശ്‌നമായാലും കുറെ കഴിയുമ്പോള്‍ നിങ്ങളാണ് ശരി എന്ന് പറയുന്ന ഒരു കാലം ഉണ്ടാകും.നമ്മുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നമ്മള്‍ കഷ്ടപ്പെട്ടാല്‍ ഉറപ്പായും നമ്മള്‍ അതില്‍ എത്തി ചേരും. ഉമ്മയില്ലാതെ ജുനൈസിനെ വളര്‍ത്തിയ ബന്ധുക്കള്‍ക്കും എന്റെ സല്യൂട്ട്. സഹോദരങ്ങളെ ഇന്ന് ദുഃഖിക്കുന്ന നീ സന്തോഷിക്കും. നിങ്ങളുടെ വിലാപങ്ങള്‍ നൃത്തം ആകും. കഷ്ടപ്പാടുകള്‍ക്ക് ഒത്തവണ്ണം നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും....'' ജെറി പൂവക്കാല കുറിക്കുന്നു.