ജയിലറിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൌതുകമുണര്‍ത്തുന്ന താരനിരയാണ് അണിനിരക്കുന്നത്. ജയിലറില്‍ വിനായകനും മോഹന്‍ലാലും അടക്കം മലയാളത്തില്‍ നിന്ന് സാന്നിധ്യമായിരുന്നു വെങ്കില്‍ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലുമുണ്ട്.
സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും മറ്റും പുറത്തുവന്നിരുന്നു. പുതിയ സ്‌റ്റൈലിലാണ് ചിത്രങ്ങളില്‍ രജനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഓരോ ചിത്രത്തിലും വേറിട്ട ഗെറ്റപ്പുകളില്‍ എത്താറുള്ള രജനി പുതിയ ചിത്രത്തില്‍ എത്തുന്നതും അത്തരത്തിലാണ്. ജയിലറില്‍ ഏറെക്കുറെ നര കയറിയ മുടിയും താടിയും ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ മുടിയും മേല്‍മീശയും കറുപ്പാണ്. വ്യത്യാസമുള്ള ഹെയര്‍സ്‌റ്റൈലുമാണ്. തുടക്കമിടുന്ന ഇന്ന് രാവിലെ പുറത്തുവിട്ട പോസ്റ്ററിലെ ഗെറ്റപ്പില്‍ തന്നെയാണ് പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളിലും രജനി.
തലൈവര്‍ 170 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് സൂപ്പര്‍ സ്റ്റാര്‍ എത്തുക. ചിത്രത്തിന്റെ പത്തു ദിവസത്തെ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് താരം ഉണ്ടാവും. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം.
മഞ്ജുവാര്യര്‍ രജനികാന്തിന്റെ ഭാര്യ വേഷത്തില്‍ എത്തുന്നു. ദുഷാര വിജയന്‍, റിതിക സിംഗ് എന്നിവരാണ് മറ്റ് നായികമാര്‍. സര്‍പ്പട്ട പരമ്പരൈ, അനിതി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ദുഷാര. ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.