ബോളിവുഡിലെ മുന്‍നിര നായികയാണ് താപ്സി പന്നു. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെയാണ് താപ്സി പന്നു കടന്നു വരുന്നത്. തുടക്കം തെന്നിന്ത്യന്‍ സിനിമകളിലൂടെയായിരുന്നു. മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ താപ്സി അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് താപ്സി ഹിന്ദിയിലേക്ക് എത്തുന്നത്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു താപ്സി. തന്റെ ഉറച്ച നിലപാടുകളിലൂടേയും താപ്സി കയ്യടി നേടാറുണ്ട്.
കരിയര്‍ പോലെ തന്നെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍ പ്ലയറായ മത്തിയാസ് ബോ ആണ് താപ്സിയുടെ കാമുകന്‍. ഇരുവരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇപ്പോഴിതാ തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താപ്സി.
തങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി ഒരുമിച്ചുണ്ടെന്നും പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നുമാണ് താപ്സി പറയുന്നത്. 'കഴിഞ്ഞ പത്ത് വര്‍ഷമായി എനിക്കൊപ്പമുള്ളത് ഒരാളാണ്. പതിമൂന്ന് വര്‍ഷം മുമ്പാണ് ഞാന്‍ അഭിനയം തുടങ്ങുന്നത്. പത്ത് വര്‍ഷം മുമ്പ് ബോളിവുഡില്‍ അരങ്ങേറുന്നത്. അന്ന് മുതല്‍ എനിക്കൊപ്പം ഒരാള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അവനെ ഉപേക്ഷിച്ച് പോകാനോ, വേറൊരാളുടെ കൂടെ പോകാനോ എനിക്ക് താല്‍പര്യമില്ല. ഈ ബന്ധത്തില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്..' താപ്സി പറയുന്നു.
നേരത്തെ വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ അകലം പാലിക്കുന്നതിനെക്കുറിച്ചും താപ്സി മറുപടി നല്‍കിയിരുന്നു. ''ഞാന്‍ ഇതുവരേയും ഗര്‍ഭിണിയല്ല. അതിനാല്‍ അത്ര പെട്ടെന്നുണ്ടാകില്ല. ഞാന്‍ നിങ്ങളെ അറിയിക്കാം. എനിക്ക് കുട്ടികളെ വേണം എന്ന് തോന്നുമ്പോള്‍ മാത്രമായിരിക്കും ഞാന്‍ വിവാഹം കഴിക്കുക... ഞാന്‍ സോഷ്യല്‍ മീഡിയയിലെത്തുന്നത് ആരാധകരുമായി കണക്ട് ചെയ്യാനാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളും വിദ്വേഷവും നിറഞ്ഞതോടെ ഞാന്‍ സോഷ്യല്‍ മീഡിയയുടെ പുറത്ത് വച്ച് ആരാധകരെ കാണാന്‍ തീരുമാനിച്ചു... ' താപ്സി പറഞ്ഞു.
ബാഡ്മിന്റണ്‍ പ്ലേയറായ മതിയാസ് ബോയുമായി പ്രണയത്തിലാണ് തപ്സി. ഒരു ഒരു ബാഡ്മിന്റണ്‍ ഗെയിം കാണാനെത്തിയപ്പോഴാണ് തപ്സി മതിയാസിനെ കാണുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. പങ്കാളിയുള്‍പ്പെടെ തന്റെ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളില്‍ മാതാപിതാക്കള്‍ സംതൃപ്തരാണെന്ന് തപ്സി പറഞ്ഞിട്ടുണ്ട്. തന്റെ നിലപാടുകള്‍ എന്നും ഉറച്ച ശബ്ദത്തോടെ വിളിച്ച് പറയുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ആക്രമണങ്ങളും താരം നേരിട്ടിട്ടുണ്ട്.
ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയാണ് താപ്സിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും താപ്സി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.