സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ഏറെ വൈറലായ ഒന്നാണ് നടി ലെന നല്‍കിയ അഭിമുഖങ്ങളിലെ ചില സംഭാഷണങ്ങള്‍. ആത്മീയതയെ പറ്റി ലെന മനസ്സ് തുറന്ന ഈ അഭിമുഖങ്ങള്‍ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇപ്പോളിതാ ഈ പരിഹാസങ്ങളില്‍ നടി ലെനയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. പ്രജ്യോതി നികേതന്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് താരം ലെനയ്ക്ക് പിന്തുണയുമായെത്തിയത്.
ലെന പറയുന്ന വലിയ കാര്യങ്ങള്‍ ചിലര്‍ക്ക് സഹിക്കില്ലെന്നും ഇതെല്ലാം അസൂയ കൊണ്ടുള്ള വിമര്‍ശനമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഞാനിവിടെ 2000-2001 സമയത്ത് വന്നിട്ടുണ്ട്. അന്നിവിടെ ലെന പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുകയാണ്. ലെനയാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പുതുക്കാട് വഴി പോകുമ്പോള്‍ അതിന്റെ ലാന്‍ഡ്മാര്‍ക്ക് കിട്ടിയിരുന്നത് ഈ സ്ഥാപനം കാണുമ്പോഴാണ്. തെങ്കാശിപ്പട്ടണം സിനിമയുടെ അവസാന രംഗം ചിത്രീകരിച്ച സമയത്ത് കാലില്‍ പ്ലാസ്റ്റര്‍ ഇട്ടാണ് അഭിനയിച്ചത്. ആ സമയത്താണ് ഞാന്‍ ഇവിടെ വരുന്നത്. എല്ലാവരും എന്നെ പിടിച്ചുകൊണ്ടാണ് വന്നത്.
എനിക്കിപ്പോള്‍ പറയാനുള്ളത് ലെന ആദ്ധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവര്‍ത്തനമായിട്ടല്ല, മതം ലെനയ്ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മള്‍ ഒന്ന് അടിമപ്പെടണം.
അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ലെനയ്ക്ക് എപ്പോളാണ് വരാന്‍ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്ഷന്‍ സെക്ഷന്‍ ഇവിടെ വയ്ക്കണം. നാട്ടുകാര്‍ പലതും പറയും. വട്ടാണെന്ന് പറയും, കിളി പോയെന്ന് പറയും.ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവര്‍ക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇതൊക്കെ. വലിയ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ സഹിക്കത്തില്ല. അതിനെ രാഷ്ട്രീയത്തില്‍ കുരുപൊട്ടുകയെന്ന് പറയും. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ. നമുക്ക് അതിലൊരു കാര്യവുമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം.
ഇവരൊന്നും മതത്തിന്റെ വക്താക്കളല്ല. ഇങ്ങനെയുളള അന്‍പത് പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടികളുടെ ഇന്ററാക്ഷന്‍ നടത്തണം. എല്ലാ കുഞ്ഞുങ്ങളും രാജ്യത്തിന്റെ സമ്പത്തായി തീരട്ടെ. ഇക്കാര്യം ഞാന്‍ തന്നെ ലെനയെ വിളിച്ചു പറയാം''സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ജന്മത്തില്‍ താനൊരു സന്യാസിയായിരുന്നെന്ന് ലെന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇരുപത്തിമൂന്നാമത്തെ വയസില്‍ കൊടൈക്കനാലില്‍ വച്ച് മഷ്‌റൂം പരീക്ഷിച്ചിട്ടുണ്ടെന്നും അതിനുശേഷം കാട്ടില്‍ ഇരുന്ന് ധ്യാനിച്ചിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു. ലെനയുടെ ഇത്തരത്തിലുളള വാക്കുകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലെന പറഞ്ഞ മെഡിക്കല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സ് സംഘടനയും നടിക്കെതിരെ രംഗത്തെത്തുകയുണ്ടായി.