കീബോർഡ് സ്റ്റീഫനും വയലിൻ ബാലഭാസ്‌കറുമായി വേദിയിൽ എത്തിക്കഴിഞ്ഞാൽ അവിടെ പിന്നെ സംഗീതാസ്വാദകർ ഇളകി മറിയുന്ന ഫ്യൂഷൻ മ്യൂസിക്കിന്റെ അലയടികളായിരുന്നു. ഇനി ഒരു ആസ്വാദക കടലിരമ്പത്തിന് അവസരം നൽകാതെ ബാലഭാസ്‌കർ നമ്മോട് വിട പറഞ്ഞു.
അകാലത്തിൽ വിട്ടുകന്ന ബാലഭാസ്‌കറിന്റെ പിറന്നാളാണ് ഇന്ന്. ബാലഭാസ്‌കറിന് പിറന്നാൾ നേർന്നുകൊണ്ടുള്ള സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസിയുടെ പോസ്റ്റ് സംഗീത പ്രേമികൾക്ക് വേദനയാകുകയാണ്.
''പിറന്നാളാശംസകൾ ബാലാ... നമ്മൾ പങ്കുവെച്ച ഓർമ്മകൾ, തമാശകൾ, ആ ചിരി എല്ലാം ഞാൻ എന്നെന്നും ഓർമ്മിക്കും... നീ എനിക്കെന്നും സ്‌പെഷ്യലായ വ്യക്തിയായിരുന്നു. ഇനിയും അതങ്ങനെ തന്നെയാകും... ഞാൻ നിന്നെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു'' എന്നാണ് സ്റ്റീഫന്റെ വാക്കുകൾ. ബാലഭാസ്‌കറിനും ശിവമണിക്കുമൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്റ്റീഫൻ ഇത് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 25 ന് പുലർച്ചെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചത്. അപകടത്തിൽ മകൾ തേജസ്വിനി ബാല അന്നു തന്നെ മരിച്ചു. ബാലഭാസ്‌കർ ഒക്‌ടോബർ രണ്ടിനാണ് നമ്മെ വിട്ടു പിരിഞ്ഞത്. മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിന് ഒടുവിൽ ബാലഭാസ്‌കറിന്റെ ഭാര്യ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.