മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ഹിറ്റുകളിലൊന്നായ സ്ഫടികത്തിന്റെ രണ്ടാം വരവ് ആവേശത്തിലാക്കി മോഷന്‍ പോസ്റ്റര്‍. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്ററില്‍ 'സര്‍ സിപിയുടെ പുതിയ കണ്ടുപിടുത്തം- ചെകുത്താന്‍' ആണ് താരം. ഓട്ടക്കാലണയ്ക്കും വില ഉണ്ട് എന്ന് കാണിച്ചുതന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4k പവര്‍ എഞ്ചിന്‍ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഉറപ്പിക്കുകയാണെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ അറിയിച്ചു.
മലയാളം കണ്ട എക്കാലത്തേയും പ്രിയസിനിമകളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ ടീമിന്റെ 'സ്ഫടികം'. 1995 മാര്‍ച്ച് 30നു തിയറ്ററുകളിലെത്തിയ ചിത്രത്തില്‍, മോഹന്‍ലാല്‍ 'ആടു തോമ' എന്ന കഥാപാത്രമായി ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങി നില്ക്കുകയാണ്.പുതിയ കാലത്തിന്റെ സാങ്കേതികത്തികവോടെ സ്ഫടികം വീണ്ടും റിലീസിനൊരുങ്ങുന്നകയാണ് ഇപ്പോള്‍.
ചിത്രത്തിന്റെ റിലിസ് അറിയിച്ച് മോഹന്‍ലാല്‍ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ; ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4K പവര്‍ എഞ്ചിന്‍ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങള്‍ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. അപ്പോള്‍ എങ്ങനാ? എന്നാണ് നടന്‍ പങ്ക് വച്ചത്.
മോഷന്‍ പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 'കാണുംതോറും വീര്യം കൂടുന്ന... ഐറ്റം, കട്ട വെയിറ്റിംങ്, തോമാച്ചായന്‍' എന്നെല്ലാം പറഞ്ഞ് കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്.
സ്ഫടികം ഒരു ഫാമിലി ആക്ഷന്‍ ഡ്രാമയാണ്. തിലകനും കെ.പി.എ.സി ലളിതയുമായിരുന്നു മോഹന്‍ലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ 'ചാക്കോ മാഷ്' എന്ന കഥാപാത്രത്തിനും ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഉര്‍വശി, നെടുമുടി വേണു, ചിപ്പി, മണിയന്‍പിള്ള രാജു, സ്ഫടികം ജോര്‍ജ് എന്നിവരും താരനിരയിലുണ്ട്