കോമഡി കഥാപാത്രങ്ങളിലൂടെയും സഹതാരമായും തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് സൂരി. അടുത്തിടെ പുറത്തിറങ്ങിയ വിടുതലൈ പാര്‍ട്ട് 1 ചിത്രത്തിലെ അഭിനയത്തിലൂടെ സൂരി പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സൂരി നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ സൂരി ഇറങ്ങിച്ചെന്നത് പ്രേക്ഷക ഹൃദയത്തിലേക്കാണ്.
ഇപ്പോഴിതാ താരത്തിന്റെ സിനിമാ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗ്രാമപ്രദേശത്തില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു സൂരി. താരത്തിനായി പ്രത്യേക കാരവനും ഒരുക്കിയിരുന്നു. സൂരി വന്നതറിഞ്ഞ് താരത്തെ നേരില്‍ കാണാന്‍ കുട്ടികളടക്കമുള്ള ആരാധകരും വന്നിരുന്നു. കുട്ടികളോട് വിശേഷങ്ങള്‍ തിരക്കുന്ന കൂട്ടത്തില്‍ കാരവാനില്‍ കയറണമെന്ന ആഗ്രഹം അവര്‍ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ സൂരി കുട്ടികളെ കാരവാനില്‍ കയറ്റുകയും ചെയ്തു.
തന്നെ കാണാനെത്തിയ ഒരു കൂട്ടം കുട്ടികളെ കാരവാനില്‍ കയറ്റുന്ന വീഡിയോ സൂരി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. സെറ്റിലെ രസകരമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.