ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗായികയാണ് അഞ്ജു ജോസഫ്. കുട്ടിത്തം നിറഞ്ഞ ശബ്ദവും മുഖവുമായിരുന്നു അഞ്ജുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും മികച്ച അവസരങ്ങളായിരുന്നു പിന്നീട് അഞ്ജുവിന് ലഭിച്ചത്. അഞ്ചു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ സ്റ്റാര്‍ മാജിക് അടക്കം നിരവധി പരിപാടികളുടെ ഡയറക്ടറായ അനൂപ് ജോണിനെയാണ് അഞ്ജു വിവാഹം കഴിച്ചത്. എന്നാല്‍ പ്രണയ ജീവിതത്തിലെ സന്തോഷവും സ്നേഹവും ദാമ്പത്യത്തിലേക്ക് കൊണ്ടുവരാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. പിന്നാലെ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. എന്നാലിപ്പോഴിതാ, വിവാഹമോചനത്തിനു ശേഷമുള്ള തന്റെ അവസ്ഥയെ കുറിച്ച് ഹൃദയം പൊട്ടുന്ന വേദനയില്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗായിക.
ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ട്രോമയെ കുറിച്ചും മാനസികമായി ഡൗണ്‍ ആയ അവസ്ഥയെ കുറിച്ചും ജോഷ് ടോക്കിലും യൂട്യൂബ് ചാനലിലും അഭിമുഖങ്ങളിലും ഉള്‍പ്പടെ പല അവസരങ്ങളിലും അഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ എങ്ങനെയാണ് ആ അവസ്ഥയില്‍ നിന്ന് കടന്നു വന്നത് എന്ന് വ്യക്തമാക്കുന്നതാണ് അഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ. തന്റെ ട്രോമയുടെ സമയത്ത് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പകര്‍ത്തിയ വീഡിയോകള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയ്‌ക്കൊപ്പമാണ് അഞ്ജുവിന്റെ പോസ്റ്റ്. കരച്ചില്‍ ഒരു ബലഹീനതയല്ല എന്ന് പറയുന്ന ഗായിക, ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓക്കെയാണ് എന്നും വ്യക്തമാക്കുന്നു.
'ആഘാതമായ എന്റെ വേദനകളില്‍ നിന്നുള്ള, വര്‍ഷങ്ങളോളമെടുത്ത തിരിച്ചുവരവ് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓകെയാണ്. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് എല്ലായ്‌പ്പോഴും സത്യമല്ല എന്ന് പറയാന്‍ വേണ്ടി, എന്റെ ഈ ഹീലിങ് ജേര്‍ണിയില്‍ എടുത്ത വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. കരഞ്ഞു, കരഞ്ഞു, പിന്നെയും പിന്നെയും കരഞ്ഞു'. 'കരച്ചില്‍ ഒരിക്കലുമൊരു ബലഹീനതയല്ല. നിങ്ങള്‍ക്ക് അതില്‍ നിന്നൊരു ആശ്വാസം ലഭിക്കുകയും വേദനകളില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കുകയും ചെയ്യും. ആ കരച്ചില്‍ നിങ്ങളുടെ അടിത്തട്ടില്‍ നിന്ന് വീണ്ടും വീണ്ടും നിങ്ങളെ എഴുന്നേല്‍പ്പിക്കും. ഒരു കാര്യം മാത്രം ഓര്‍ക്കുക, എല്ലാം കടന്ന് പോകും, നിങ്ങളുടെ സന്തോഷം പോലും'. എന്തു പറ്റി എന്ന് കമന്റില്‍ നിരന്തരം ചോദിക്കുന്നവര്‍ക്ക് അവിടെ തന്നെ അഞ്ജു മറുപടിയും നല്‍കിയിട്ടുണ്ട്. 'ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്, വേദനകള്‍ മാറാന്‍ സമയം എടുക്കും എന്ന് നിങ്ങളെ അറിയിക്കാന്‍ വേണ്ടി പോസ്റ്റ് ചെയ്തതാണിത്. പിന്നെ കരച്ചില്‍ ഒരു മോശമായ കാര്യമല്ല എന്ന് അറിയിക്കാനും' എന്നാണ് അഞ്ജു പറഞ്ഞിരിക്കുന്നത്.
അഞ്ജുവിനെ ആശ്വസിപ്പിച്ചും സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ആര്യ ബഡായി, അശ്വതി ശ്രീകാന്ത്, ശ്വേത അശോക്, ദിവ്യ പ്രഭ, രചന നാരായണന്‍ കുട്ടി തുടങ്ങിയ സെലിബ്രിറ്റികള്‍ എല്ലാം 'ഞങ്ങളും അത് അനുഭവിച്ചതാണ്, നിന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു, ഇത് അനുഭവിക്കാന്‍ സാധിക്കുന്നു' എന്ന് പറഞ്ഞ് കമന്റില്‍ എത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അഞ്ജുവും സ്റ്റാര്‍ മാജിക്കിന്റേതടക്കം പല ടിവി ഷോകളുടെയും ഷോ ഡയരക്ടറായ അനൂപ് ജോണും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ ആ ബന്ധത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ തനിക്ക് നല്‍കിയ വേദന വളരെ വലുതാണെന്ന് അഞ്ജു പറഞ്ഞിട്ടുണ്ട്.