ജോലിക്കിടയില്‍ പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത അറിയുന്ന ദുരന്താനുഭവങ്ങള്‍ പല മാധ്യമപ്രവര്‍ത്തകരുടെയും ജീവിതത്തിലൂടെ നമ്മള്‍ കേട്ടിട്ടുണ്ട്. വാര്‍ത്ത വായിക്കുന്നതിന് ഇടയില്‍ സ്വന്തം അച്ഛനോ അമ്മയോ മരണപ്പെട്ടുവെന്ന് അറിയിച്ച് വന്ന സന്ദേശം അവരെ തകര്‍ത്തതായുള്ള അനുഭവങ്ങള്‍ പലരും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ അതുപോലെ തന്നെ ഒരു ഹൃദയഭേദക മുഹൂര്‍ത്തം നടന്നത് ഒരു നഴ്‌സിന്റെ ജീവിതത്തിലാണ്. അവള്‍ പതിവുപോലെ ജോലി ചെയ്യുകയായിരുന്നു അത്യാഹിത വിഭാഗത്തില്‍ ഒരേസമയം പല ജീവനും ഏറ്റുവാങ്ങുന്ന, വേദനയുള്ള ദിവസങ്ങളായിരുന്നു അന്നും. പക്ഷേ, ആ ദിവസം ഒരിക്കലും മറക്കാനാവാത്തതായിരുന്നു. മുറിവേറ്റും ചേതനയറ്റും ഒരാളെ കൊണ്ടുവന്നു. നഴ്‌സ് സുലൈഖയുടെ മുന്നിലായിരുന്നു ആ ശരീരം. ശരീരം കണ്ടാപാടേ അവര്‍ ഞെട്ടിയൊന്ന് നിന്നു. പിന്നെ ഒന്നുകൂടി നോക്കി. മറ്റാരുമായിരുന്നില്ല. സുലൈഖയുടെ സ്വന്തം മകനായിരുന്നു അത്.
അവരുടെ പൊന്നുമോനെയാണ് ചേതനയറ്റ നിലയില്‍ സ്ട്രക്ചറില്‍ കിടത്തി കൊണ്ടുവന്നത്. അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ 15കാരന്‍ അല്‍ ഫൗസാനെ അന്‍സാര്‍ ആശുപത്രിയിലേക്കെത്തിച്ചത്. ഏറ്റവുമടുത്ത ആശുപത്രിയായതിനാലാണ് അവനെ അന്‍സാറില്‍ തന്നെ കൊണ്ടുവന്നത്. അന്‍സാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോഴേക്കും അവന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അപകടസ്ഥലത്തുണ്ടായിരുന്നവര്‍ക്കോ ആശുപത്രിയില്‍ എത്തിച്ചവര്‍ക്കോ അറിയില്ലായിരുന്നു അവന്‍ ആരാണെന്ന്. ഒടുവില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് സുലൈഖയുടെ കൈകളിലേക്കാണ് അവന്റെ ചേതനയറ്റ ശരീരമെത്തിയത്.
മകന്റെ മൃതദേഹത്തിലേക്ക് നോക്കിയ സുലൈഖ പെട്ടെന്ന് തന്നെ കുഴഞ്ഞ് വീണു. കുട്ടിയുടെ മൃതദേഹം എത്തിച്ച ആളുകളും ആശുപത്രിയില്‍ ഓടിക്കുടിയവരും എല്ലാം അപ്പോഴാണ് മരിച്ച കുട്ടി ആരെന്ന് തിരിച്ചറിയുന്നത്. സുലൈഖയുടെ കുട്ടി എന്നറിഞ്ഞ നിമിഷം ആശുപത്രിയില്‍ ഉണ്ടായിരുന്നവരും അവിടെ തടിച്ച് കൂടിയവരും കണ്ണീരലായി. മരണവാര്‍ത്ത അറിഞ്ഞ് എത്തിയ കുടുംബക്കാരെ ആശ്വസിപ്പിക്കാന്‍ എല്ലാവരും പാടുപെട്ടു. കുട്ടിയുടെ അച്ഛനും ഇതേ ആശുപത്രിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. അക്കൗണ്ടന്റാണ് അദ്ദേഹം. സംഭവം നടന്ന് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ ആ സമയം പിതാവ് അവിടെ ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച രാവിലെ പത്തരയോടെ അക്കിക്കാവ് ജങ്ഷനിലാണ് അപകടമുണ്ടായത്. അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ ഫൗസാന്‍. അക്കിക്കാവിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തില്‍നിന്ന് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടാവുന്നത്. ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു അല്‍ഫൗസാനെ. ട്യൂഷന്‍ സെന്ററിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍, സമീപത്തെ കടയില്‍നിന്ന് കേടുപാടു തീര്‍ത്ത സ്വന്തം സൈക്കിള്‍ വാങ്ങിയാണ് വീട്ടിലേക്ക് മടങ്ങിയത്. പിതാവ് മെഹബൂബ് സൈക്കിള്‍ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും ജ്യേഷ്ഠന്‍ കൊടുത്ത പണവുമായി അല്‍ ഫൗസാന്‍ തന്നെ കടയില്‍ പോയി എടുക്കുകയായിരുന്നു. റോഡുപണി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അതിനാല്‍ സൈക്കിള്‍ തള്ളിക്കൊണ്ടാണ് റോഡരികിലൂടെ അല്‍ ഫൗസാന്‍ പോയിരുന്നത്. സംസ്ഥാന പാതയിലൂടെ ചവിട്ടി വരരുതെന്ന് വീട്ടില്‍ നിന്ന് പറയുകയും ചെയ്തിരുന്നു.
അല്‍ ഫൗസാനെ ഇടിച്ചുതെറിപ്പിച്ച് മിനിലോറി ശരീരത്തിലൂടെ കയറിയിറങ്ങി. കുന്നംകുളം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു മിനി ലോറി. ലോറി ഒരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അന്‍പത് മീറ്ററോളം മാറിയാണ് നിന്നത്. സ്‌കൂട്ടര്‍ യാത്രക്കാരനായ കൊങ്ങണൂര്‍ വന്നേരിവളപ്പില്‍ സുലൈമാന് പരിക്കേറ്റു. സുലൈഖയും ഭര്‍ത്താവ് മെഹബൂബും അന്‍സാര്‍ ആശുപത്രിയിലെ ജീവനക്കാരാണ്. മകനെ ട്യൂഷ്യന് വിട്ടിട്ടാണ് ഇരുവരും ജോലിക്കു പോയത്. ഒരു വര്‍ഷം മുന്‍പാണ് മെഹബൂബിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. സുലൈഖയാണ് വൃക്ക നല്‍കിയത്. അഫ്‌ലഹ്മറ്റൊരു മകനാണ്.