സൈലന്‍സറിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കുന്നത് യുവനടന്‍ ടോവിനോ തോമസ്; ലാലിനെ നായകനാക്കി പ്രിയനന്ദനന്‍ ഒരുക്കുന്ന ചിത്രം 24 ന് തിയേറ്ററുകളില്‍ എത്തും...

Malayalilife
topbanner
സൈലന്‍സറിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കുന്നത് യുവനടന്‍ ടോവിനോ തോമസ്; ലാലിനെ നായകനാക്കി പ്രിയനന്ദനന്‍ ഒരുക്കുന്ന ചിത്രം 24 ന് തിയേറ്ററുകളില്‍ എത്തും...

ലാല്‍ നായകനാകുന്ന സൈലന്‍സറിന്റെ ഒഫീഷ്യല്‍ ടീസര്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് യുവനടന്‍ ടോവിനോ തോമസ് പുറത്തിറക്കുന്നു. പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ലാലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സൈലന്‍സര്‍. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യില്‍ പ്രേക്ഷകശ്രദ്ധ നേടിയ സൈലന്‍സര്‍ 24നാണ് റിലീസ് ചെയ്യുക. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  
പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ 'സൈലന്‍സര്‍' എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും  ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്റെ ഇതിവൃത്തം. കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു. ത്രേസ്സ്യ (മീരാ വാസുദേവ്) യാണ് ഈനാശുവിന്റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്)  ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും  അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു. പ്രായമായവരുടെ ഒറ്റപ്പെടലിന്റെ കടുത്ത വേദനയും സൈലന്‍സര്‍ വരച്ചുകാട്ടുന്നുണ്ട്.  

തൃശ്ശൂരിന്റെ പ്രാദേശിക ഭാഷയും സംസ്‌ക്കാരവുമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രിയനന്ദനന്റെ 'പാതിരാക്കാല'ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ്  ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്.  ലാല്‍, ഇര്‍ഷാദ്, രാമു, ബിനോയ് നമ്പാല, മീരാവാസുദേവ്, സ്‌നേഹാ ദിവാകരന്‍, പാര്‍ത്ഥസാരഥി, ജയരാജ് വാര്യര്‍ എന്നിവരാണ് അഭിനേതാക്കള്‍. കലാസംവിധാനം - ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, മേയ്ക്കപ്പ് - അമല്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ - പ്രേംജി പിള്ള, പശ്ചാത്തല സംഗീതം - ബിജിബാല്‍, സ്റ്റില്‍സ് - അനില്‍ പേരാമ്പ്ര,  പി.ആര്‍.ഒ- പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ - സബിന്‍ കാട്ടുങ്ങല്‍, സംവിധാന സഹായികള്‍- ബിനോയ് മാത്യു, കൃഷ്ണകുമാര്‍ വാസുദേവന്‍, പി. അയ്യപ്പദാസ്, ജയന്‍ കടക്കരപ്പള്ളി.

silencer movie official teaser

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES