തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പ്രമോഷന്‍ പരുപാടിക്ക് എത്തിയ നടന്‍ സിദ്ധാര്‍ത്ഥിനെ കാവേരി നദീജല പ്രതിഷേധക്കാര്‍ വേദിയില്‍ നിന്ന് ഇറക്കി വിട്ട സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതോടെ വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിത വിഷയത്തില്‍ സിദ്ധാര്‍ത്ഥിനോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് കന്നട സൂപ്പര്‍ താരം ശിവരാജ് കുമാര്‍.
തന്റെ നാടായ കര്‍ണാടകയില്‍ വെച്ച് തമിഴ് നടനായ സിദ്ധാര്‍ത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ശിവരാജ് കുമാര്‍ ഖേദം പ്രകടിപ്പിച്ചു. കന്നഡ സിനിമയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥിനോട് താന്‍ മാപ്പുപറയുന്നെന്ന് സൂപ്പര്‍താരം പറഞ്ഞു.
'വളരെയധികം വേദനിക്കുന്നു. ഇങ്ങനെയൊരു തെറ്റ് ഇനിയാവര്‍ത്തിക്കില്ല. കര്‍ണാടകയിലെ ജനങ്ങള്‍ വളരെ നല്ലവരാണ്. എല്ലാ ഭാഷകളേയും എല്ലാ ഭാഷകളിലേയും സിനിമകളേയും സ്നേഹിക്കുന്നവരാണവര്‍. എല്ലാത്തരം സിനിമകളും കാണുന്നവരാണ് കന്നഡ പ്രേക്ഷകര്‍.' ശിവരാജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ത്ഥ് നായകനാകുന്ന ചിത്ത എന്ന ചിത്രം ചിക്കു എന്ന പേരില്‍ കന്നഡയില്‍ റിലീസ് ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് സിദ്ദാര്‍ത്ഥ് ബംഗുളൂരുവില്‍ എത്തിയത്.ചിത്രത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിന് ഇടയില്‍ വേദിയിലേക്ക് പ്രതിഷേധക്കാര്‍ എത്തുകയും പത്ര സമ്മേളനം തടയാന്‍ ശ്രമിക്കുകയുമായിരുന്നു.
പ്രതിഷേധക്കാര്‍ വന്നുവെങ്കിലും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയ സിദ്ധാര്‍ത്ഥ് പിന്നീട് പ്രതിഷേധക്കാരുടെ ബഹളം ശക്തമായതോടെ വേദിയില്‍ നിന്ന് പുറത്തുപോകേണ്ടി വരികയായിരുന്നു,.
തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെ കുറിച്ച് സിദ്ധാര്‍ത്ഥും പങ്ക് വച്ചു.കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ടെന്നും നടന്ന സംഭവങ്ങളില്‍ നിരാശയുണ്ടെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി.
''ഈ സിനിമ തിയേറ്റര്‍ റിലീസിന് മുന്നോടിയായി പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ചെന്നൈയിലും കൊച്ചിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചു. ബെംഗളൂരുവിലും അങ്ങനെ ചെയ്യാനായിരുന്നു തീരുമാനം. റിലീസിന് മുന്നോടിയായി ഏകദേശം 2000 വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രം കാണിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.'
'ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല. കന്നഡയിലെ അഭിനേതാക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം ഒരുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ എല്ലാം റദ്ദായി. ഞങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു, പക്ഷേ അതിനപ്പുറം, അവിടെയുള്ള ആളുകളുമായി ഒരു നല്ല സിനിമ പങ്കിടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് നിരാശാജനകമാണ്.''
''വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തര്‍ സിനിമ കാണേണ്ടതായിരുന്നു. പക്ഷേ അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടു. അതിനെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി ഒന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
എന്റെ സിനിമയും കാവേരി പ്രശ്‌നവും യാതൊരു ബന്ധവുമില്ല. ഞാന്‍ പണം മുടക്കി നിര്‍മിക്കുന്ന സിനിമകളില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.