സു സു..സുധി വാത്മീകം, ശിക്കാരി ശംഭു, ഇടി, അതെ കണ്‍കള്‍, സീറോ, അച്ചായന്‍സ്, തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. മലയാളത്തിന് പുറമെ തമിഴിലും അറിയപ്പെടുന്ന നടി 2009 ല്‍ രഞ്ജിത് നിര്‍മിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത കേരള കഫെയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്.കരിയറിന്റെ തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇവര്‍ സുപരിചിതായി. അടുത്തിടെ നടി നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.എ.ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നടി മനസ് തുറന്നത്.
സിനിമയിലേക്ക് എളുപ്പത്തില്‍ വന്നൊരാളല്ല താനെന്നും നിരവധി ഓഡിഷനുകള്‍ക്ക് പങ്കെടുത്തിട്ടുണ്ടെന്നും പലതില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും ശിവദ പറയുന്നു. നീലത്താമരയും പാലേരി മാണിക്യവുമാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്.
സിനിമയിലേക്കുള്ള ആഗ്രഹം കൂടിയപ്പോള്‍ എത്ര ഓഡിഷനാണ് കൊടുത്തതെന്ന് എനിക്കുതന്നെ അറിയില്ല. ഒരുപാട് ഓഡിഷനുകള്‍ക്ക് കൊടുത്തു. അതുകൊണ്ടുതന്നെ ആകാം കേരള കഫേയിലേക്ക് ലാന്‍ഡ് അപ്പ് ആയത്. ലാല്‍ ജോസ് സാറിന്റെ നീലത്താമരയിലേക്കും രഞ്ജിത് സാറിന്റെ പാലേരി മാണിക്യത്തിലേക്കുമെല്ലാം കൊടുത്തതാണ്. അതൊന്നും എനിക്ക് കിട്ടിയില്ല. അവസാനം ലാല്‍ ജോസ് സാറും രഞ്ജിത് സാറും ഒന്നിച്ചു ചെയ്ത കേരള കഫേയിലേക്ക് എത്തി.ശിവദ പറയുന്നു.
യാതൊരു വിധ സിനിമ പാരമ്പര്യങ്ങളും ഇല്ലാതെ സിനിമയിലേക്ക് വന്ന ആളായ തനിക്ക് ഓഡിഷനുകളാണ് ് സിനിമയിലേക്കുള്ള വഴി തുറന്നതെന്നും ചാനലില്‍ വി.ജെ ആയതുമുതലാണ് സിനിമ എന്ന ആഗ്രഹം വന്നതെന്നും ശിവദ പറയുന്നു.
എഞ്ചിനീയറിംഗ് കഴിഞ്ഞു ക്യാമ്പസ് സെലക്ഷനില്‍ എനിക്കും മുരളിക്കും ജോലി കിട്ടിയിരുന്നു എങ്കിലും പോയില്ല. സിനിമയായിരുന്നു മനസ്സ് മുഴുവന്‍. ഹസ്ബെന്റിനും സിനിമയായിരുന്നു താല്പര്യം. അദ്ദേഹം വഴിയാണ് പോര്‍ട്ട്ഫോളിയോ എന്താണെന്നൊക്കെ അറിയുന്നത്. ആള്‍ക്ക് അപ്പോള്‍ മുതലേ സിനിമ എന്ന ആഗ്രഹങ്ങളും കാര്യങ്ങളുമെല്ലാം ഇണ്ടായിരുന്നു.
എനിക്കാണെങ്കില്‍ വി.ജെ.ആയ സമയം മുതലാണ് സിനിമ എന്ന ആഗ്രഹം വരുന്നത്. വി.ജെ ആയപ്പോള്‍ എല്ലാ ആഴ്ചയും റിലീസ് ആകുന്ന പുതിയ സിനിമകളുടെ സംവിധായകരും അഭിനേതാക്കളും ഉള്ള ഇന്റര്‍വ്യൂ ഉണ്ടാകും. അവരെ കണ്ടുകൊണ്ടാണ് സിനിമയിലേക്ക് വന്നാല്‍ കൊള്ളാമെന്നും സിനിമ എന്നത് വേറെന്തോ ലോകമാണെന്നുള്ള ചിന്തയൊക്കെ മാറിയത്. അങ്ങനെയാണ് ഓഡിഷനുകള്‍ക്ക് കൊടുക്കാന്‍ തുടങ്ങുന്നതും കേരള കഫേയിലേക്ക് എത്തുന്നതും.ശിവദ പറയുന്നു.
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് വിമുഖതയുണ്ടെന്നും ശിവദ പറയുന്നു. ഇന്റിമേറ്റ് സീനുകളും എക്സ്പോസിങ് രംഗങ്ങളും ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ട് താന്‍ ഒഴിവാക്കിയ സിനിമകളുണ്ടെന്നും നടി പങ്ക് വച്ചു.
ചിലപ്പോള്‍ ഉള്ളില്‍ പഴഞ്ചന്‍ ചിന്തകളുള്ള ആത്മാവ് ഇപ്പോഴുമുള്ളതുകൊണ്ട് തോന്നുന്നതാകാം, അല്ലെങ്കില്‍ എനിക്ക് എന്റെ ശരീരം എക്സ്പോസ് ചെയ്യുന്നതില്‍ കോണ്‍ഫിഡന്റ് ഇല്ലാത്തതുകൊണ്ടുമാകാം, എന്തായാലും ഇന്റിമേറ്റ് സീന്‍സ് ചെയ്യാനും എന്നെ കൂടുതല്‍ എക്സ്പോസ് ചെയ്യാനും താല്പര്യം ഇല്ല. അങ്ങനെ ചെയ്യുന്നവരെ കാണുമ്പോള്‍ അവരുടെ കോണ്‍ഫിഡന്‍സില്‍ അത്ഭുതപ്പെടാറുണ്ട്. എനിക്ക് എന്താണാവോ ആ കോണ്‍ഫിഡന്‍സ് ഇല്ലാത്തത് എന്നോര്‍ക്കും. ഇത്തരം സീനുകള്‍ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം നോ പറഞ്ഞ സിനിമകളും ഉണ്ട്.
ഇപ്പോഴുള്ള സിനിമകള്‍ ഇത്തരം സീനുകള്‍ കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട്. ആ കാരണത്താല്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ കുറയുന്നുണ്ടെന്ന് തോന്നിയിണ്ടെന്നും ശിവദ പറയുന്നു.
മുരളി സിനിമാ രംഗം തനിക്ക് വേണ്ടി വിട്ടതാണെന്നും എല്ലാവരുടെയും വിചാരം താനാണ് വീട്ടില്‍ സമ്പാദിക്കുന്നതെന്നും, എന്നാല്‍ അങ്ങനെയല്ലെന്നും നടി പറയുന്നു.
'ജീവിതത്തില്‍ സെറ്റില്‍ഡ് ആകണമെന്ന് രണ്ട് വീട്ടുകാരും കൂടെ തീരുമാനിച്ചപ്പോള്‍ രണ്ട് പേര്‍ക്കും സ്ഥിര ജോലി ഇല്ല. വീട്ടുകാര്‍ സമ്മതിക്കില്ല. മുരളിയുടെ അമ്മ വെയര്‍ ഹൗസ് മാനേജര്‍ ആയിരുന്നു. അച്ഛന്‍ സ്‌കൂളിലെ പ്രിന്‍സിപ്പില്‍ ആയിരുന്നു. രണ്ട് പേര്‍ക്കും ജോലിയില്ലാതെ എങ്ങനെ കല്യാണം കഴിപ്പിച്ച് വിടും എന്ന ചോദ്യം വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ മുരളി മുരളിയുടെ ആഗ്രഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പിട്ടു.
ബ്രേക്കെടുത്ത് ബിസിനസിലേക്ക് പോയി. അതൊന്ന് സെറ്റിലായി സ്വന്തം കാലില്‍ നില്‍ക്കാമെന്ന് ആയപ്പോഴാണ് ഞങ്ങള്‍ കല്യാണം കഴിച്ചത്. എനിക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ വേണ്ടെന്ന് വെച്ചെന്ന് ഉറപ്പിച്ച് പറയാം. ഇപ്പോള്‍ പോലും അങ്ങനെയാണ്. ആള്‍ ഇത്രയും വലിയ ബ്രേക്കെടുത്തു.
2015 ലായിരുന്നു വിവാഹം. നാല് വര്‍ഷം കൊണ്ട് ആള്‍ കഷ്ടപ്പെട്ട് ബിസിനസ് ചെയ്തു. എല്ലാവരുടെയും വിചാരം ഞാനാണ് വീട്ടില്‍ സമ്പാദിക്കുന്നതെന്നാണ്. പക്ഷെ അല്ല. ഞാനദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ സ്ഥലം വാങ്ങി വീട് വെച്ചു. അതെല്ലാം തന്റെ ഭര്‍ത്താവിന്റെ അധ്വാനം കൊണ്ടാണ്.
വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുന്നത് പരസ്പരം മനസിലാക്കുന്നത് കൊണ്ടാണ്. അത് ചുമ്മാ പറയുന്നതല്ല. പ്രേമിക്കുമ്പോള്‍ ഏറ്റവും നല്ല വശമേ കാണിക്കൂ എന്ന് പലരും പറയും. പക്ഷെ ഞങ്ങള്‍ രണ്ട് പേരും ഏറ്റവും മോശം വശമാണ് കാണിച്ചിരിക്കുന്നത്.
എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ പറ്റില്ല. പക്ഷെ എക്‌സ്ട്രീമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. കരിയര്‍ റിലേറ്റഡ് ആയിട്ടല്ല ഞാന്‍ പറയുന്നത്. വേറെ കാര്യങ്ങളാണ്. ഇതൊരു ഫുള്‍സ്റ്റോപ്പിലെത്തും എന്ന് വിചാരിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബം പോലും അങ്ങനെ കരുതി. പക്ഷെ അങ്ങനത്തെ സാഹചര്യത്തില്‍ പോലും എന്നെ തിരിച്ച് കൊണ്ട് വന്ന ആളായിരുന്നു മുരളി.
എന്റെ ജീവിതത്തില്‍ ഇതുവരെ നടന്ന കാര്യങ്ങളെല്ലാം ഓപ്പണായി പറഞ്ഞ ഒറ്റ ആള്‍ മുരളി മാത്രമാണ്. എന്നെ അത്രമാത്രം സ്‌നേഹിക്കുന്ന ആളെ വിട്ട് കളയരുതെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു...'' ശിവദ പറയുന്നു.
കരിയറും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകുന്നവരില്‍ ശ്രദ്ധേയയാണ് ശിവദ. പ്രണത്തിലൂടെയാണ് അഭിനേതാവായ മുരളി കൃഷ്ണനെ ശിവദ ജീവിതപങ്കാളിയാക്കിയത്. ഇവര്‍ക്ക് അരുന്ധതി എന്നൊരു മകളുമുണ്ട്. മുരളിക്കും മകള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടുകളും സിനിമാവിശേഷങ്ങളും ശിവദ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്