ഒരു ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ ചില സദാചാര ഞരമ്പന്മാർക്ക് ഉണ്ടാകുന്ന ചൊറിച്ചിലിനിട്ടുള്ള മാരകമായ പ്രഹരമാണ് ഇഷ്‌ക്. പുതുമുഖ സംവിധായകനായ അനുരാജ് മനോഹർ ആണ് ഈ ചിത്രം ചെയ്തിരിക്കുന്നത്, പക്ഷെ ഒരു തുടക്കക്കാരന്റെ പതർച്ച ഒന്നുമില്ലാതെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. ആൻ ശീതൾ എന്ന സുന്ദരിയായ പുതുമുഖ നായിക ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. മലയാള സിനിമയിലെ നായികാ ദാരിദ്ര്യം പരിഹരിക്കാൻ ഈ കുട്ടി സഹായിക്കും എന്ന് തോന്നുന്നു. ഇഷ്‌കിലെ വസുധയെപ്പോലെ ആയിരിക്കണം ഓരോ പെണ്ണും.
കാമുകന്റെ സ്നേഹത്തിനു മുന്നിൽ പതറിപ്പോകുന്ന, എന്നാൽ തന്റേടം കാണിക്കേണ്ടിടത്തു കാണിച്ച നായിക. പേടിച്ചിട്ടാണെങ്കിലും മാനത്തിന്റെ അതിർവരമ്പ് ലംഖിച്ച വില്ലന്റെ കരണം അടിച്ചു പുകയ്ക്കാൻ കെൽപ്പുള്ള നായിക. അഗ്നി ശുദ്ധിക്ക് പകരം നടുവിരൽ കാണിച്ച നായിക. ഒരു പുതിയ നായികാ സങ്കൽപ്പത്തിന് സാക്ഷ്യം വഹിക്കുകയാണ് മലയാളികൾ. ഷെയിൻ നിഗം എന്ന അഭിനേതാവിന്റെ കരിയർ ബെസ്റ്റ് ആയിരിക്കും ഈ സിനിമ. മലയാള സിനിമയിലെ ഈ ഇളമുറ നായകൻ ഇതുവരെ ചെയ്ത എല്ലാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്.
നല്ലതു മാത്രം ചെയ്യുന്ന നായക സങ്കല്പങ്ങൾക്കൊരു തിരിച്ചടിയാണ് ഷെയ്നിന്റെ സച്ചി. കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും കുസൃതിയും മാനസിക സമ്മർദ്ദവും വികാര വിക്ഷോഭവുമൊക്കെ വളരെ കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. വില്ലനായി വന്ന ഷൈൻ ടോം മികവ് പുലർത്തി. ഷൈനിന്റെയും കരിയർ ബെസറ്റ് ആയിരിക്കും ഈ ചിത്രം. നേരിട്ട് കണ്ടെങ്കിൽ വെട്ടി അരിഞ്ഞു കളയാൻ തോന്നുന്ന വില്ലൻ. മരിയ ആയി അഭിനയിച്ച ലിയോണയും അമ്മയായ മാല പാർവതിയും ഒക്കെ അരങ്ങു തകർത്തു. ആകെ മൊത്തം ഈ സീസണിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണിത്.
സദാചാര ചൊറിച്ചിലിനുള്ള ഒരു മറുമരുന്ന്
ഇനി കാര്യത്തിലേക്കു കടക്കാം. ചിത്രത്തിന്റെ ടാഗ് ലൈനിനോട് അങ്ങേയറ്റം ആത്മാർഥത കാണിച്ചിട്ടുണ്ട് ഇഷ്‌ക്. നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളീയർ ധാർമികതയുടെ കാര്യത്തിൽ വട്ടപ്പൂജ്യമാണ്. ദമ്പതികളായാലും സുഹൃത്തുക്കളായും കമിതാക്കളായാലും ഒരു പുരുഷനും സ്ത്രീയും കുറച്ചു സമയം ഒരുമിച്ചിരുന്നാൽ അവരെ സംശയ ദൃഷ്ടിയോടെയാണ് പൊതുജനം കാണുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നമ്മുടെ നാട്ടിൽ ലംഘിക്കപെടുന്നു എന്നത് ഒരു ദുരവസ്ഥ തന്നെയാണ്. സ്ത്രീകൾക്കു നേരെയുള്ള ലൈംഗികച്ചുവയുള്ള സംഭാഷണവും ഒളിഞ്ഞുനോട്ടവും തുറിച്ചുനോട്ടവും കേരളത്തിൽ വളരെ കൂടുതലാണ്.

ഒരു സ്ത്രീയും പുരുഷനും സംസാരിക്കുന്നതു കണ്ടാൽ അവർ തമ്മിലുള്ള ബന്ധമെന്താണെന്നു അറിയാനുള്ള ആകാംക്ഷയും കേരള സമൂഹത്തിനുണ്ട്. തനിക്കുകൂടി കിട്ടുമോ എന്ന് അറിയാനും അല്ലെങ്കിൽ തനിക്കു കിട്ടാത്തത് മറ്റൊരുത്തന് കിട്ടണ്ട എന്നുള്ള അസൂയയുമാണ് സദാചാര അക്രമങ്ങൾക്കു വഴി തെളിക്കുന്നത്. സ്ത്രീയ്ക്ക് പകൽ വെളിച്ചം മാത്രമേ സമൂഹം കൽപിച്ചു നൽകുന്നുള്ളൂ. രാത്രി ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടു കഴിഞ്ഞാൽ അവൾ വഴിപിഴച്ചവളായി, അപ്പോൾ പിന്നെ ഒരു പുരുഷൻ കൂടി കൂടെയുണ്ടെങ്കിൽ തീർന്നു. ഒറ്റക്കോ കൂട്ടമായോ ആക്രമിക്കുകയോ അവരുടെ വീഡിയോ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു അപമാനിക്കുകയോ ചെയ്യും.
അതിൽ മനംനൊന്തു ജീവിതം അവസാനിപ്പിച്ചവർ ഒട്ടേറെയുണ്ട്. സ്നേഹത്തിന്റെ വിഭിന്ന ഭാവങ്ങളെക്കുറിച്ചു പരിചിതരല്ലാത്തതു കാരണം ഒരു സൗഹൃദ ആലിംഗനം പോലും തെറ്റായി വ്യാഖ്യാനിക്കുന്നു. സ്നേഹമെന്നത് ഇവിടെ ലൈംഗികതയിൽ കോർത്ത ഒന്നാണ്. പത്തു വർഷം മുൻപുള്ള കേരളമല്ല ഇന്ന്. ഇന്നത്തെ കുട്ടികൾ വളരെയേറെ സുഹൃത്ബന്ധം സൂക്ഷിക്കുന്നവരാണ്, പണ്ടത്തെ അപേക്ഷിച്ചു പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒന്നിച്ചു ഇടപഴകാൻ കൂടുതൽ സൗകര്യങ്ങൾ ഉണ്ട്. വളരെ നല്ല സൗഹൃദം സൃഷ്ടിച്ചെടുക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ.
അവരുടെ സൗഹൃദം കാണുമ്പോൾ പഴയ തലമുറയ്ക്ക് ചൊറിച്ചിലാണ്. ആ ചൊറിച്ചിൽ തീർക്കുന്നത് പിന്നെ ആ പെണ്ണിനേയും ആണിനേയും അപമാനിച്ചായിരിക്കും. സമൂഹത്തിലെ എല്ലാവരും ഇത്തരക്കാരാണ് എന്നല്ല, ഒട്ടുമിക്കവരും ഈ മനോഭാവം പുലർത്തുന്നവരാണ്. പത്തുമണി കഴിഞ്ഞു പുറത്തിറങ്ങി നടന്നാൽ ദമ്പതിമാർ പോലും ചോദ്യം ചെയ്യപ്പെടുന്നു. ഈ ചൊറിച്ചിലിനുള്ള ഒരു മറുമരുന്നാണ് ഈ ചിത്രം.
പുരുഷന്മാർക്ക് ചാരിത്ര്യം എന്നൊന്നില്ലേ?
ഈ ചിത്രം മറ്റൊരു വിഷയം കൂടി അഡ്രസ് ചെയ്യുന്നുണ്ട്. ചാരിത്ര്യം സ്ത്രീയ്ക്ക് മാത്രമാണ് എന്നുള്ളതാണ് പൊതുവേയുള്ള ധാരണ. പുരുഷന്മാർക്ക് ചാരിത്ര്യം എന്നൊന്നില്ലേ? അവനു നഷ്ടപ്പെടുന്നതിന്റെ പേരെന്താണ്? ഇഷ്ടസാധ്യത്തിനു വേണ്ടി ഒരു അന്യ പുരുഷൻ ബലമായി ചുംബിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്താൽ അവളെ ഉപേക്ഷിക്കുന്നത് ശരിയാണോ? അൽപം ഡെറ്റോൾ ഒഴിച്ച് കഴുകിക്കളഞ്ഞാൽ തീരാത്തതിനപ്പുറം ഒന്നും അവൾക്കു സംഭവിക്കുന്നില്ല. സദാചാര ആക്രമണത്തിൽ പെട്ട് അപമാനിക്കപ്പെടുന്ന പെൺകുട്ടിയെ സംശയത്തോടെ വീക്ഷിക്കുന്ന കാമുകൻ അവളെ ശരിക്കും പ്രണയിക്കുന്നുണ്ടോ?
അവൾ ആക്രമിക്കപ്പെട്ടത് അവന്റെ കഴിവുകേടല്ലേ? പ്രണയം ഹൃദയത്തിൽ നിന്നും ഉണ്ടാകണം അല്ലാതെ വെറും വാക്കുകളിൽ മാത്രമാകരുത്. ചില നിമിഷങ്ങളിൽ ഒരാൾ മറ്റൊരാൾക്കു വളരെ പ്രിയപ്പെട്ടതായി മാറുന്നു, സ്ഥലമോ കാലമോ പ്രായമോ നോക്കാതെ. പകരുന്ന പ്രണയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഒരിക്കലും ഉപേക്ഷിച്ചു പോകാൻ കഴിയില്ല. വളരെ അത്യാവശ്യം വേണ്ടത് പരസ്പര വിശ്വാസമാണ്. എപ്പോഴും സംശയ ദൃഷ്ടിയോടെ നോക്കുന്നവനെ, ശ്വാസം വിടാൻപോലും അനുവാദം ആവശ്യപ്പെടുന്നവനെ, സ്വസ്ഥമായി നിലപാടോ നിലനിൽപ്പോ നൽകാത്തവനെ എങ്ങനെ പ്രണയിക്കും. സ്‌നേഹബന്ധത്തിൽ ഏറ്റവും നല്ല വാക്കുകൾ 'ഐ ലൗവ് യു'വോ 'ഐ ലൈക്ക് യു'വോ അല്ല 'ഐ ട്രസ്റ്റ് യു' ആണ്.

ഒരു പെണ്ണിന്റെ ധൈര്യം എന്നും അവൾ പ്രണയിക്കുന്ന പുരുഷൻ നൽകുന്ന വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കും. ജീവന് തുല്യം സ്നേഹിക്കുന്നവൻ ചാരിത്ര്യത്തിൽ സംശയം പ്രകടിപ്പിച്ചാൽ പിന്നെ പിന്തിരിഞ്ഞു നടക്കുന്നതാണ് നല്ലത്. പുരുഷാധിപത്യ മനോഭാവവും സ്ത്രീശുദ്ധി സങ്കല്പവും പ്രണയത്തിൽ പോലും വിലങ്ങുതടിയാകുന്നത് ഈ സിനിമയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. കപടസദാചാരവാദികളെ വലിച്ചുകീറി ഒട്ടിക്കുന്നു ഈ സിനിമ. നായകന് മുന്നിൽ നെഞ്ചത്തലച്ചു കരഞ്ഞു കാലിൽ വീഴുന്ന നായികമാരുടെ കാലം അവസാനിക്കുകയാണ്.
ഇപ്പോൾ ആണിനും പെണ്ണിനും വെവ്വേറെ വ്യക്തിത്വമുണ്ട്, ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ അവകാശമുണ്ട് . പെണ്ണിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന കാമുകന്മാരുടെ കരണത്തിട്ടു നീട്ടി ഒരടി ആണ് ഈ സിനിമ. സമൂഹത്തിലെ എല്ലാ സദാചാര ആണത്ത ചൊറിച്ചിലുകൾക്കുമൊരു നടുവിരൽ നമസ്‌കാരം.