സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെയും, ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മാതാവായ ഷോബു യര്‍ലഗഡ്ഡയുടെയും, സന്തോഷ് ശിവന്റെ അസിസ്റ്റന്റിന്റെയും വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. തങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇതൊരു സ്‌കാമാണെന്നും ഇവര്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.
ആരും തങ്ങള്‍ക്ക് മെസ്സേജ് അയക്കുകയോ വരുന്ന മെസ്സേജുകള്‍ക്ക് മറുപടി അയക്കുകയോ ചെയ്യരുതെന്നും ഇവര്‍ കുറിച്ചിട്ടുണ്ട്. അതേസമയം സന്തോഷ് ശിവന്‍ തന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ട വിവരം വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. വൈകാതെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അദേഹം അറിയിച്ചു. തന്റെ പേരില്‍ വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും സന്തോഷ് ശിവന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ഷോബു യര്‍ലഗഡ്ഡ എക്സിലാണ് (പഴയ ട്വിറ്റര്‍) അറിയിച്ചത്. വാട്സ്ആപ്പ് അക്കൗണ്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ കയ്യേറുന്നത് തുടര്‍ക്കഥയാവുകയാണ്. ഇത്തരത്തില്‍ നിരവധി പേരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണങ്ങള്‍ നഷ്ടമായിക്കഴിഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ സൈബര്‍ ക്രൈം വിങ്ങിലും നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും ഇത് സംബന്ധിച്ച പരാതികളെത്തിയിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് പിന്നാലെ ഉപഭോക്താക്കളുടെ വാട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ നിന്ന് വാട്സ്ആപ്പ് ലോഗിന്‍ ചെയ്യുകയാണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. ഇതോടെ യഥാര്‍ഥ ഉടമയുടെ ഫോണില്‍ നിന്ന് വാട്‌സ്ആപ്പ് അക്കൗണ്ട് ലോഗൗട്ടാകുന്നു. പിന്നീട് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാലും നടക്കില്ല. വാട്സ്ആപ്പ് അയയ്ക്കുന്ന ഒടിപി കൈക്കലാക്കിയാണ് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുക.