കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് സന്തോഷ് ടി കുരുവിള നിര്‍മിച്ച ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ഇപ്പോഴിതാ 'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ സംവിധായകന്‍ രതീഷ് ബാലകൃഷണ പൊതുവാളിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ആ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ സന്തോഷ് ടി കുരുവിള. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ സ്പിന്‍ ഓഫ് ആയി മറ്റൊരു സിനിമ വരുന്നത് താന്‍ അറിഞ്ഞിട്ടിലെണാണ് സന്തോഷ് ടി കുരുവിള പറയുന്നത്
ഇതിലെ കഥാപാത്രങ്ങളായ സുരേഷ് സുമലത എന്നീ കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരു സ്പിന്‍ ഓഫ് ചിത്രം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്നുണ്ട്. 'സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്നാണ് ചിത്രത്തിന്റെ പേര്.
ഈ ചിത്രം ഒരുക്കുന്ന കാര്യം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നോട് പറഞ്ഞിട്ടില്ലെന്ന് ആണ് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി പൈസ മുടക്കി നിര്‍മിച്ച സിനിമയില്‍ നിന്നും സ്പിന്‍ ഓഫ് ചെയ്യുമ്പോള്‍ അത് തന്നോട് പറയാതിരുന്നത് വ്യക്തിപരമായി വേദനയുണ്ടാക്കിയെന്ന് ആണ് നിര്‍മ്മാതാവ് പറയുന്നത്.
ഒരു യൂട്യൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു നിര്‍മ്മാതാവിന്റെ വാക്കുകള്‍.''സിനിമയില്‍ എനിക്ക് 99 ശതമാനവും നല്ല ഓര്‍മകളാണുള്ളത്. പറയാനാണെങ്കില്‍ ഒരു ചീത്ത ഓര്‍മ ഇപ്പോള്‍ നിലവിലുണ്ട്. ചിലപ്പോളത് ചീത്ത ഓര്‍മയൊന്നും ആയിരിക്കുകയുമില്ല.
ഞാന്‍ നിര്‍മിച്ച 'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ സ്പിന്‍ ഓഫ് എന്ന പേരില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങിപ്പോള്‍ നടക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെയാണ് അതിന്റേയും സംവിധായകന്‍.
പക്ഷേ എന്നോടിതുവരെ അതിനെ പറ്റിയൊരു വാക്ക് പോലും ആരും ചോദിച്ചിട്ടില്ല, ആ സിനിമ എടുത്തോട്ടെ എന്ന്.ഞാന്‍ പൈസ മുടക്കി എഴുതിപ്പിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയില്‍ നിന്നും സ്പിന്‍ ഓഫ് ചെയ്യുമ്പോള്‍ എന്നോടിതുവരെ ആ ചിത്രത്തിനെ പറ്റി ഒരു സൂചന പോലും തന്നില്ല.
അവര്‍ സിനിമയെടുത്തോട്ടെ, താരങ്ങള്‍ അഭിനയിച്ചോട്ടെ, അതിലൊന്നും എനിക്ക് പ്രശനമില്ല. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത ഞാനറിഞ്ഞത്. സത്യം പറഞ്ഞാല്‍ അതെനിക്ക് വേദനയുണ്ടാക്കി.
എനിക്ക് വേദനയുണ്ടെന്ന് വച്ച് അവര്‍ക്ക് സിനിമ ചെയ്യാതിരിക്കാന്‍ പറ്റിലല്ലോ-എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.എന്നോട് ഒരുപാട് ആളുകള്‍ അതിനെതിരെ കേസ് കൊടുക്കാന്‍ പറഞ്ഞിരുന്നു. കേസിന് പോയാല്‍ തീര്‍ച്ചയായും ഞാന്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്.
പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനില്‍ പരാതി കൊടുക്കാനും, വക്കീലിനെ വയ്ക്കാനും ഒരുപാട് ആളുകള്‍ പറഞ്ഞു. പക്ഷേ ആ ചിത്രത്തിന്റെ നിര്‍മാതാവിന്റെ പണവും അണിയറ പ്രവര്‍ത്തകരുടെ അധ്വാനവുമെല്ലാം ആ സിനിമയിലുമുണ്ട്. അതിനാല്‍ കേസിന് പോകില്ലെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.
എന്നാല്‍ നാളെ ചിലപ്പോള്‍ 'ഏലിയന്‍ അളിയന്‍' എന്ന പേരില്‍ രതീഷ് തന്നെ എഴുതി എന്റെ അടുത്ത് റജിസ്റ്റര്‍ ചെയ്തിട്ടിരിക്കുന്ന ചിത്രം വേറൊരാളോടൊപ്പം ചെയ്യുമായിരിക്കും. പക്ഷേ ഒരിക്കലും ഞാന്‍ അതെടുക്കാന്‍ അനവദിക്കില്ല. ഞാന്‍ പൈസ മുടക്കി എഴുതിപ്പിച്ച് റജിസ്റ്റര്‍ ചെയ്തിട്ടിരിക്കുന്നതാണത്. ആ സിനിമ ചിലപ്പോള്‍ സംഭവിച്ചേക്കാം.''സന്തോഷ് ടി. കുരുവിള പറഞ്ഞു.
അതേസമയം ആരോപണത്തെ പറ്റി സംവിധായകന്‍ രതീഷ് പൊതുവാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 'സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്ന ചിത്രമാണ് സന്തോഷ് ടി കുരുവിള പറഞ്ഞ ആ സ്പിന്‍ ഓഫ് ചിത്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വെച്ചൊരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത്.പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടന്നു വരുന്നത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്.