അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടി രേവതി, നിത്യാ മേനന്‍ തുടങ്ങിയ നടിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നുവെന്നും രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്‍വൃതി നവ്യാനുഭവമായിരുന്നെന്നുമാണ് രേവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. രേവതിയുടെ വാക്കുകളെ പിന്തുണച്ച് നിത്യയും രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ രാമന്റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോനും രംഗത്തെത്തി..
ബ്രിട്ടീഷ് കവി ബെന്‍ ഒക്രിയുടെ കവിത അടിക്കുറിപ്പമായി പങ്കുവച്ചാണ് നടി സംയുക്ത മേനോന്‍ ചിത്രങ്ങള്‍ പങ്കുവച്ചത'സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളേക്കാള്‍ വലുതാക്കാനുമുള്ള കഴിവാണ് നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്'- സംയുക്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രാണ പ്രതിഷ്ഠാ ദിവസം നിലവിളക്ക് തെളിയിച്ചതിന്റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു.
നടിമാരായ ദിവ്യ ഉണ്ണി, ശില്‍പ ഷെട്ടി എന്നിവരും രാംലല്ലയുടെ ചിത്രം പങ്കുവച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, സംവിധായകരായ കമല്‍, ആഷിഖ് അബു, ജിയോ ബേബി ജോണ്‍ എന്നിവര്‍ ഭരണഘടനയുടെ അമുഖം പങ്കുവച്ച് അയോദ്ധ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
നമ്മുടെ ഇന്ത്യ എന്ന അടിക്കുറിപ്പോടെ കൂപ്പ് കൈയുടെ ചിഹ്നമാണ് പാര്‍വതി ഭരണഘടനയുടെ ചിത്രത്തിനൊപ്പം പങ്കുവച്ചത്. ഇന്ത്യ, പരമാധികാര സോഷ്യലിസ്റ്റ് മതേതര ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന അടിക്കുറിപ്പോടെയാണ് ആഷിഖ് അബു ചിത്രം പങ്കുവച്ചത്. 'നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം' എന്ന അടിക്കുറിപ്പോടെയാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റ്.