ഹാസ്യ വേഷങ്ങളില്‍ തിളങ്ങി മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടന്‍ സലീം കുമാര്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്മാരില്‍ ഒരാളാണ്. മലയാള സിനിമയില്‍ നല്ല കുറെ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന നടന്‍ കൂടിയായ അദ്ദേഹം ഇന്നസെന്റിന് വിട പറയാന്‍ വേദനയോടെ എത്തിയ കാഴ്ച്ച കണ്ണുനിറയ്ക്കുന്നതായിരുന്നു. അടുത്തിടെ നടന്‍ നല്കിയ അഭിമുഖങ്ങളില്‍ ഇന്നസെന്റിന്റെ മരണത്തെക്കുറിച്ചും പങ്ക് വച്ചു.
അടുത്തിടെയുണ്ടായ സഹപ്രവര്‍ത്തകരുടെ മരണങ്ങളില്‍ തന്നെ ഏറ്റവും പിടിച്ചുലച്ചത് ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഇന്നസെന്റിന്റെ വേര്‍പാടിനെക്കുറിച്ച് പറഞ്ഞത്.'ഇന്നസെന്റേട്ടന്റെ മരണം, വേണു ചേട്ടന്റെ, ലളിത ചേച്ചിയുടെയൊക്കെ മരണം എന്നെ വലിയ രീതിയില്‍ ബാധിച്ചതാണ്. എന്റെ മാത്രം നഷ്ടമൊന്നുമല്ല അത്. എങ്കിലും എനിക്ക് വലിയ നഷ്ടമാണത്. ഇവരെല്ലാം ആയിട്ട് ഞാന്‍ വളരെ കമ്പനി ആയിരുന്നു. ലളിത ചേച്ചിയൊക്കെ ഇവിടെ വരാറുള്ളതാണ്' 'ഇതിലെ പോകുമ്പോള്‍ കയറും. ഒരുപാട് നേരം ഇരുന്ന് സംസാരിക്കും. അച്ചാറൊക്കെ ഉണ്ടാക്കി കൊടുത്തു വിടും. ഇന്നസെന്റേട്ടന്‍ എന്നെ മാസത്തില്‍ രണ്ടു തവണയെങ്കിലും വിളിക്കും. വേണു ചേട്ടനും വിളിക്കുമായിരുന്നു,' സലിം കുമാര്‍ പറഞ്ഞു.
സിനിമയില്‍ എന്നെ ഇങ്ങോട്ട് വിളിക്കുന്ന വളരെ കുറച്ച് ആളുകളാണ് ഉള്ളത്. ആവശ്യങ്ങള്‍ക്കായി പലരും വിളിക്കും. അല്ലാതെ സുഖ വിവരങ്ങള്‍ അറിയാനായി വിളിച്ചിരുന്നത് കുറച്ചു ആളുകളാണ്. അങ്ങനെ ആരുമില്ല ഇപ്പോള്‍. പെട്ടെന്ന് ഒരു ശൂന്യത പോലെ. ഇന്നസെന്റേട്ടന്റെ മരണം അതില്‍ ഒരുപാട് വിഷമിപ്പിച്ചു. ആശുപത്രിയില്‍ പോകുന്നതിന് മുന്‍പ് ഒരു അരമണിക്കൂര്‍ ഞങ്ങള്‍ സംസാരിച്ചതാണ്. എന്റെ ഇളയ മകന് ഹരിശ്രീ കുറിച്ചത് അദ്ദേഹം ആയിരുന്നു,' 'ഇന്നസെന്റേട്ടന്‍ മരിച്ച് ഞാന്‍ വീട്ടില്‍ കാണാന്‍ ചെന്നപ്പോള്‍ ആലീസ് ചേച്ചി ചോദിച്ചത് അവന്‍ വന്നിട്ടുണ്ടോ എന്നാണ്. എന്റെ ഇളയമകന്‍ ആരോമല്‍. സോണറ്റും അത് തന്നെ ചോദിച്ചു. ആ വിഷമത്തിനിടയിലും അവരുടെ മനസ്സില്‍ അതുണ്ട്. ഇന്നസെന്റ് ചേട്ടന്റെ പ്രതീകമാണ് അവന്‍. അദ്ദേഹം എഴുത്തിനിരുത്തിയ കുട്ടിയാണ്,' സലിം കുമാര്‍ പറഞ്ഞു.