പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ എംടി അബ്ദുള്ള മുസലിയാര്‍ അപമാനിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ വിഷയത്തില്‍ പ്രതികരിക്കുന്നില്ലേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ നടി റിമ കല്ലിങ്കലിനോടുള്ള ചോദ്യവും അതിന് താരം നല്കിയ മറുപടിയും ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
റിമ ഒരു യാത്രയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചുള്ളതിന് വന്ന കമന്റിനാണ് റിമ മറുപടി നല്‍കിയത്.'ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ' എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി റിമ എത്തി. 'ചേട്ടന് എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്മെന്റ് ഇട്ടിരുന്നോ' എന്നായിരുന്നു താരത്തന്റെ മറുപടി.
കഴിഞ്ഞ ദിവസം മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാര് ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയുമായിരുന്നു.
'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ.' എന്ന് അബ്ദുള്ള മുസ്ലിയാര് സംഘാടകരോട് കയര്‍ത്തുകൊണ്ട് ചോദിച്ചു.