ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി രമ്യ നമ്പീശൻ. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വൈറസ് എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശൻ വീണ്ടും സജീവമാകുന്നത്. ഒരുപാട് വർഷത്തിന് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചതിനെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും അടുത്തിടെ മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.
മികച്ച ഒരു ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത്തിൽ താൻ സംതൃപ്തയാന്നെന്നും മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. 'മലയാളത്തിൽ ഈയിടെ ഇറങ്ങിയ ഒരുപാട് സിനിമകൾ വളരെ റിയലിസ്റ്റിക്കായിരുന്നു. അതിന്റെ ഭാഗമാണ് വൈറസും. ഇപ്പോൾ ഞാൻ ജോലി ചെയ്തത് വൈറസിലാണ്. വളരെ ചിട്ടയോടെയാണ് ഞങ്ങൾ സിനിമ ചെയ്തത്.
ഡബ്ല്യൂ.സി.സി രൂപീകരിച്ചത് ആരെയും ശത്രുക്കളാക്കാൻ അല്ല. ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് ഉദ്ദേശിച്ചാണ്. ഇപ്പോഴുള്ള പല കുട്ടികളും സിനിമയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് വളരെ സന്തോഷകരമായ കാര്യമാണ്. ഞങ്ങൾ കുറച്ച് പേർ അതിന് വേണ്ടി അതിന് വേണ്ടിയുള്ള ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ഹേമ കമ്മീഷൻ വന്നു. ഞങ്ങൾക്ക് ചെറിയൊരു മാറ്റം വരുത്താൻ സാധിച്ചുവെന്ന് തോന്നുന്നുണ്ട്. മലയാള സിനിമ മൊത്തത്തിൽ വൃത്തികേടാണെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. എല്ലാവരെയും മനുഷ്യരായി കാണണം. വിജയമാണോ തോൽവിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂ.സി.സി തുടങ്ങിയത്. ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു. ഇനിയും മുന്നോട്ടു തന്നെ '- രമ്യ നമ്പീശൻ പറയുന്നു.
'തമിഴ് ആണെങ്കിലും മലയാളം ആണെങ്കിലും നന്നായി അഭിനയിക്കുന്നതിലാണ് കാര്യം. ഭാഷയൊന്നും പ്രശ്നമല്ല. വിമർശനങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, നമ്മുടെ നാട്ടിൽ സർക്കാസ്റ്റിക്കായി വിമർശിക്കുന്നവർ കൂടുതലാണ്. തമിഴിൽ ആ പ്രവണത കുറവാണ്. ഞാൻ പലപ്പോഴും അഭിമുഖം കൊടുക്കാറില്ല. ട്രോളിന് പിറകെ പോകാൻ വയ്യ. ട്രോൾ കാരണം വിഷാദത്തിലേക്ക് പോയവർ വരെയുണ്ട്.' രമ്യ പറഞ്ഞു.
വൈറസിൽ ജോജുവിന്റെ ഭാര്യയുടെ വേഷമാണ് രമ്യയ്ക്ക്. വൈറസിലെ തന്റെ കഥാപാത്രം ഇതുവരെ ചെയ്തവയിൽ നിന്നും വ്യത്യസ്തമാമെന്നാണ് രമ്യ പറയുന്നത്. 'ആദ്യം എന്റെ അഭിനയം കുറച്ച് ഓവറാണോ എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. അതെക്കുറിച്ച് ആഷിഖിനോട് ഞാൻ പറഞ്ഞിരുന്നു. തുടക്കത്തിൽ എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നിയിരുന്നു. ഭാഷ, സംസാര ശൈലി അതൊക്കെ ശ്രദ്ധിക്കണം. സ്വാഭാവികമായാണ് ഞങ്ങൾ അഭിനയിച്ചത്.' രമ്യ പറഞ്ഞു. 2015 ൽ റിലീസ് ചെയ്ത സൈഗാൾ പാടുകയാണ് എന്ന സിനിമയിലായിരുന്നു രമ്യ ഒടുവിലായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.