നടി ആക്രമിക്കപ്പെട്ട കേസ് ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതോടെ അട്ടിമറിക്കുമോ എന്ന ആശങ്ക പങ്കുവെച്ച് പലരും രംഗത്ത് എത്തുന്നുണ്ട്. ശ്രീജിത്തിനെ അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കവെയാണ് മാറ്റിയത്. കേസ് അട്ടിമറിക്കാനുളള നീക്കമാണിതെന്നാണ് ഉയരുന്ന ആരോപണം. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന് പിന്നാലെ അന്വേഷണ നേതൃത്വത്തില്‍ വന്ന മാറ്റം യാദൃശ്ചികമല്ലെന്നും രാഹുല്‍ ഈശ്വര്‍ ഇപ്പോൾ തുറന്ന് പറയുന്നത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
എസ് ശ്രീജിത്ത് പ്രമുഖനായ ഒരു ഐപിഎസ് ഓഫീസറാണ്. സിബിഐ അന്വേഷണമൊക്കെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ശ്രീജിത്തിനെതിരെ പരാതി പോയിട്ടുളളത്. പൊതുസമൂഹത്തിന് വിശ്വാസമുളള ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് ഈ കേസില്‍ സുപ്പര്‍വൈസറി ചുമതല മാത്രമേ ഉളളൂ. അതിനപ്പുറം പ്രാധാന്യം ഇതിനുണ്ടെന്ന് തോന്നുന്നില്ല. താന്‍ കടുത്ത സിപിഎം വിരുദ്ധനാണ്. പിണറായി വിജയന്റെ നിലപാടുകളെ എതിര്‍ക്കുന്ന വ്യക്തിയാണ്. എന്നിരുന്നാലും പിണറായി വിജയനെ പോലുളള ശക്തനായ ഒരു മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുമെന്ന് ഒരു മലയാളിയും ചിന്തിക്കുമെന്ന് തനിക്ക് തോന്നുന്നില്ല. നമ്മുടെ നാടിന്റെ കാരണവരെ പോലുളള ഒരു മുഖ്യമന്ത്രി കോടതിയും മാധ്യമങ്ങളുമൊക്കെ ഇത്രയും ശ്രദ്ധയോടെ ഇരിക്കുന്ന ഒരു കേസില്‍ ഇടപെടാനുളള സാധ്യതകള്‍ തുലോം വിരളമാണ്.
അതിനാല്‍ അന്വേഷണം മുന്നോട്ട് പോകട്ടെ. ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത് പോലെ ഇതുവരെ ദിലീപിനെതിരെ തെളിവുകളില്ല. ഇനി തെളിവുകളുണ്ടാകുമോ എന്നറിയില്ല. ഇനി 40 ദിവസവുണ്ട്. അതിന് ശേഷം കാവ്യയുടെ ഫോണ്‍ വേണമെന്നും അതില്‍ 2 ലക്ഷം ഡാറ്റയുണ്ടെന്നും അത് പരിശോധിക്കാന്‍ മൂന്ന് മാസം വേണമെന്നും പറയുന്നത് ശരിയല്ല. അത് പോലീസും ഡിവൈഎസ്പി ബൈജു പൗലോസും ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു.
ഈ കേസ് കേള്‍ക്കുന്ന ജഡ്ജിയെ കുറിച്ച് ജസ്റ്റിസ് കെമാല്‍ പാഷ അടക്കമുളളവര്‍ ഏറ്റവും ഉന്നതമായ അഭിപ്രായമാണ് പറഞ്ഞിട്ടുളളത്. ജസ്റ്റിസ് ഹണി വര്‍ഗീസ് ഏറ്റവും വിശ്വാസ്യതയുളള സത്യസന്ധയായ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉളള ജഡ്ജിമാരില്‍ ഒരാളാണ് എന്നാണ് കെമാല്‍ പാഷയെ പോലുളളവരുടെ അഭിപ്രായം. അതേസമയം പോലീസില്‍ നില്‍ക്കുന്ന പലര്‍ക്കുമാണ് ഇപ്പോള്‍ മുഖം നഷ്ടപ്പെടുന്നത്.
ദിലീപിനെ എന്തോ ഭീകര സ്വത്വമായും ദാവൂദ് ഇബ്രാഹിമിന്റെ കൊച്ചി വേര്‍ഷനാണ് എന്നൊക്കെ ചിത്രീകരിച്ച് കൊണ്ടും ദിലീപിനൊപ്പം നില്‍ക്കുന്നവരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിച്ച് അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുളള അജണ്ടയാണ് നടക്കുന്നത്. ഇതൊന്നും ആത്യന്തികമായി നിലനില്‍ക്കില്ല. പകുതി വെന്ത വിവരങ്ങള്‍ വെച്ചാണ് പലരും കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത് എന്ന് ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞത് പോലെ മാധ്യമ വിചാരണയിലെ ഏകപക്ഷീയമായ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന കോടതി വിധി വരുമെന്നാണ് കരുതുന്നത്. അതിജീവിതയ്ക്ക് നീതി കിട്ടണം. പക്ഷേ അതിനര്‍ത്ഥം ദിലീപിനെ കുടുക്കണം എന്നല്ല.