കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിനെതിരെ നിയമനടപടി ആരംഭിച്ച ഇളയരാജയ്ക്ക് മറുപടിയുമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കള്‍. പാട്ട് ചിത്രത്തില്‍ ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷമാണ്. സിനിമയുടെയും പാട്ടിന്റെയും മേല്‍ അവകാശമുള്ള പ്രൊഡക്ഷന്‍ ഹൗസിന് പണം നല്‍കിയാണ് പാട്ട് ഉപയോഗിക്കാനുള്ള അവകാശം നേടിയത്. ഇളയരാജയുടെ വക്കീല്‍ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
സന്താന ഭാരതിയുടെ സംവിധാനത്തില്‍ 1991 നവംബര്‍ 5ന് റിലീസ് ചെയ്ത കമല്‍ഹാസന്‍ ചിത്രം 'ഗുണ'യിലൂടെ പ്രേക്ഷകരിലേക്കെത്തിയ 'കണ്‍മണി അന്‍പോട്' ഗാനത്തിന്റെ ഓഡിയോ റൈറ്റ്‌സ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇളയരാജയുടെ ഭാര്യ പിരമിഡ് ഓഡിയോസിന് വില്‍ക്കുകയും പിരമിഡ് ഓഡിയോസ് മ്യൂസിക് മാസ്റ്ററിനും ശ്രീദേവി വീഡിയോ കോര്‍പ്പറേഷനും റൈറ്‌സ് വില്‍ക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം 'മഞ്ഞുമ്മല്‍ ബോയ്‌സ്'ല്‍ ഉള്‍പ്പെടുത്താനായ് ഗാനത്തിന്റെ മ്യൂസിക് റൈറ്റ്‌സ് മ്യൂസിക് മാസ്റ്ററില്‍ നിന്നും ഗാനത്തിന്റെ തെലുങ്കു റൈറ്റ്‌സ് ശ്രീദേവി വീഡിയോ കോര്‍പ്പറേഷനില്‍ നിന്നുമാണ് പറവ ഫിലിംസ് ലീഗലി കരസ്ഥമാക്കിയത്.
നിര്‍മ്മാതാവ് ഷോണ്‍ ആന്റണി മാധ്യമങ്ങളോട് അറിയിച്ചത്, ''കണ്‍മണി അന്‍പോട്' ഗാനം 'മഞ്ഞുമ്മല്‍ ബോയ്‌സ്'ല്‍ ഉപയോഗിച്ചത് അനുമതിയോടെയാണ്. പിരമിഡ്, ശ്രീദേവി സൗണ്ട്‌സ് എന്നീ മ്യൂസിക് കമ്പനികള്‍ക്കാണ് ഗാനത്തിന്റെ അവകാശം. അവരില്‍ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴില്‍ മാത്രമല്ല 'മഞ്ഞുമ്മല്‍ ബോയ്‌സ്' റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിതാണ്. ഇത് സംബന്ധിച്ച് ഇളയരാജയില്‍ നിന്ന് വക്കീല്‍ നോട്ടിസ് ലഭിച്ചിട്ടില്ല.'
കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടര്‍ന്ന് അവര്‍ അഭിമുഖീകരിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ പ്രമേയം. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മ്മാതാക്കള്‍. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് നിര്‍വഹിച്ചു. യുകെയിലെ വിതരണാവകാശം ആര്‍എഫ്ടി ഫിലിംസും കരസ്ഥമാക്കി. ഒടിടി അവകാശം സ്വന്തമാക്കിയത് ഡിസ്‌നി ഹോട്ട്സ്റ്റാറാണ്.
ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സംഗീതം&പശ്ചാത്തലസംഗീതം: സുഷിന്‍ ശ്യാം, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍& മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.