ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് കൊണ്ട് അറ്റ്‌ലി ചിത്രം ജവാന്‍ മുന്നേറുകയാണ്. ഷാരൂഖ് ഖാന്‍ നായകനായ കംപ്ലീറ്റ് ആക്ഷന്‍ പാക്കേജ് ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. നയന്‍താര, വിജയ് സേതുപതി ദീപിക പദുകോണ്‍ പ്രിയാ മണി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.മുന്‍പ് ചെന്നൈ എക്‌സ്പ്രസിലെ ഒരു ഗാനത്തില്‍ പ്രിയാമണി ഷാരൂഖ് ഖാനുമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ജവാനില്‍ ഷാരൂഖിനൊപ്പം ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി. ഒരു ഗാനരംഗത്തില്‍ അഭിനയിക്കവെ ഉണ്ടായ സംഭവമാണ് പ്രിയമണി പങ്കുവച്ചത്.
ചിത്രത്തിലെ ഒരു ഗാനത്തില്‍ ആദ്യം ഞാന്‍ ഷാരൂഖിന് പിന്നിലാണ് നിന്നിരുന്നത്. ഇത് കണ്ട ഷാരൂഖ് നീ എന്തിനാണ് പിന്നില്‍ നില്‍ക്കുന്നതെന്ന് ചോദിച്ചു. എനിക്കറിയില്ല സാര്‍, അവര്‍ എന്നെ പിന്നിലാണ് നിര്‍ത്തിയതെന്ന് ഞാന്‍ മറുപടി നല്‍കി. അത് വേണ്ടെന്ന് പറഞ്ഞ് ഷാരൂഖ് തന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ അടുത്ത് നിര്‍ത്തി. ഇവര്‍ എനിക്കരികില്‍ വേണം, കൊറിയോഗ്രഫി എന്താണെന്ന് ഞാന്‍ നോക്കുന്നില്ല. ഇവള്‍ ചെന്നൈ എക്സ്പ്രസ് മുതല്‍ എന്റെ ഡാന്‍സ് ടീച്ചറാണ്.'- പ്രിയാമണി പറഞ്ഞു.
ഓരോ ചുവടുകളിലും ഷാരൂഖ് തന്നോട് അഭിപ്രായം ചോദിച്ചിരുന്നെന്നും പ്രിയാമണി വ്യക്തമാക്കി. പ്രിയാമണിയുടെ വാക്കുകള്‍ ഇതിനകം ഷാരൂഖ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.സഹപ്രവര്‍ത്തകരോട് എപ്പോഴും നല്ല രീതിയില്‍ പെരുമാറുന്ന ഷാരൂഖിനെക്കുറിച്ച് നിരവധി താരങ്ങള്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്.