മലയാളത്തില്‍ അത്ര സജീവമല്ലാത്ത നടിയാണ് പ്രിയാമണി. ചുരുക്കം ചില മലയാള സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് പ്രിയാമണി. ഇപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. മമ്മൂട്ടിയുടെ പതിനെട്ടാം പടിയാണ് താരത്തിന്റെ തിരിച്ചുവരവ് ചിത്രം.
വിനയന്റെ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രിയാമണി, അനൂപ് മേനോനോടൊപ്പം തിരക്കഥയിലും പൃഥ്വിരാജിനൊപ്പം പുതിയമുഖത്തിലും മമ്മൂട്ടിയോടൊപ്പം പ്രാഞ്ചിയേട്ടന്‍ ദി സെയിന്റിലും മോഹന്‍ലാലിനൊപ്പം ഗ്രാന്‍ഡ്മാസ്റ്ററിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചുവരവ് ചിത്രമായ പതിനെട്ടാം പടിയില്‍ പ്രിയാമണി കൈകാര്യം ചെയ്യുന്നത് ഒരു അതിഥി വേഷമാണ്. കഥാപാത്രമായ കുട്ടിയുടെ സഹോദരിയുടെ റോളാണ് പ്രിയാമണിയ്ക്ക്. ചെറിയ വേഷമാണ് എങ്കിലും സിനിമയിലെ ഒരു പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത് ഈ കഥാപാത്രത്തിലൂടെയാണ്. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനുമായുള്ള ഏറെക്കാലത്തെ പരിചയമാണ് പ്രിയാമണിയെ ഈ ചിത്രത്തിലേക്ക് എത്തിച്ചത്. ശങ്കര്‍, രഞ്ജിത്തിന്റെ സംവിധാന സഹായിയായിരുന്ന കാലത്തുള്ള പരിചയമാണ് ഇരുവരും തമ്മില്‍. 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്്', 'തിരക്കഥ' എന്നീ ചിത്രങ്ങളൊരുക്കിയത് രഞ്ജിത്തായിരുന്നു.
പ്രിയാമണിക്ക് പുറമേ പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും കൈകോര്‍ക്കുന്ന ചിത്രമാണ് 'പതിനെട്ടാംപടി'. എന്നാല്‍ പ്രിയാമണിയുടേത് പോലെ തന്നെ ചിത്രത്തില്‍
അതിഥിവേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.
കെച്ചയും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്‌ടേഴ്സ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും.