പ്രേംനസീര്‍ സ്മൃതി 2023 നോട് അനുബന്ധിച്ച് പ്രേംനസീര്‍ സുഹൃത് സമിതി ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രേംനസീര്‍ ചലച്ചിത്രശ്രേഷ്ഠ പുരസ്‌ക്കാരത്തിന് നടന്‍ കുഞ്ചനും പ്രേംനസീര്‍ കര്‍മ്മതേജസ് പുരസ്‌ക്കാരത്തിന് ഗോപിനാഥ് മുതുകാടുമാണ് അര്‍ഹരായത്. തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന പത്രസമ്മേളനത്തിലൂടെയാണ് പുരസ്‌ക്കാരപ്രഖ്യാപനം നടത്തിയത്.
മികച്ച ചിത്രമായി തെരഞ്ഞെടുത്തത് അപ്പന്‍ എന്ന ചിത്രമാണ്. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് സൗദി വെളളക്ക എന്ന ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെയാണ്. അപ്പന്‍ എന്ന ചിത്രത്തില്‍ മികച്ച അഭിനയമികവ് കാഴ്ചവച്ചതിന് അലന്‍സിയറിനാണ് മികച്ച നടനുളള പുരസ്‌കാരം പ്രഖ്യാപിച്ചത്. അപ്പന്‍, റോഷാക്ക് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുളള പുരസ്‌കാരത്തിനായി ഗ്രേസ് ആന്റണി തിരഞ്ഞെടുക്കപ്പെട്ടു.
കൊത്ത് എന്ന ചിത്രത്തിലൂടെ മികച്ച സഹ നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീലക്ഷ്മിയാണ്. മികച്ച സഹനടനായി ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കുഞ്ഞികൃഷ്ണന്‍ മാഷ് നേടി. മികച്ച തിരക്കഥാകൃത്ത് ആയി ഷാരിസ് മുഹമ്മദിനെ ജനഗണനമന എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതില്‍ പുരസ്‌കാരാര്‍ഹനായി.
കൂടാതെ മികച്ച ഛായാഗ്രാഹകന്‍ - അനീഷ് ലാല്‍ ആര്‍ എസ് (ചിത്രം - രണ്ട് ), മികച്ച ഗായകന്‍ - പന്തളം ബാലന്‍ (ചിത്രം - പത്തൊന്‍പതാം നൂറ്റാണ്ട് , ഗാനം - പറവ പാറണ കണ്ടാരേ .....), മികച്ച ഗായിക - ആവണി മല്‍ഹാര്‍ (ചിത്രം കുമാരി, ഗാനം - മന്ദാരപ്പൂവ്വേ ......), മികച്ച ഗാനരചയിതാവ് - അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം - അകലേയ്ക്കു പോകയോ......), മികച്ച സംഗീത സംവിധായകന്‍ - അര്‍ജുന്‍ രാജ്കുമാര്‍ (ചിത്രം - ശുഭദിനം, ഗാനം - പതിയേ നൊമ്പരം കടലേറിയോ ......), മികച്ച പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ (വിവിധ ചിത്രങ്ങള്‍), സ്പെഷ്യല്‍ ജൂറി പുരസ്‌കാരം - സംവിധാനം -ബിജിത് ബാല (ചിത്രം - പടച്ചോനെ ഇങ്ങള് കാത്തോളീന്‍), മനോജ് പാലോടന്‍ (ചിത്രം സിഗ്‌നേച്ചര്‍ ), അഭിനയം - ദേവി വര്‍മ്മ (ചിത്രം - സൗദി വെള്ളക്ക), സംഗീതം - നിഖില്‍ പ്രഭ .
പ്രേംനസീറിന്റെ 34-മത് ചരമവാര്‍ഷിക ദിനത്തോടനുബ്ബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് . ചലച്ചിത്ര സംവിധായകന്‍ ടി എസ് സുരേഷ് ബാബു, ചലച്ചിത്ര നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ , പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പുരസ്‌കാരര്‍ഹരെ അറിയിക്കുകയായിരുന്നു.