പ്രശസ്ത തമിഴ് നടന്‍ പ്രഭു ആശുപത്രിയില്‍. രണ്ടു ദിവസം മുമ്പാണ് ചെന്നൈ കോടമ്പാക്കത്തെ മെഡ്വെ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത വയറ് വേദനായിരുന്നു കാരണം. വിശദമായ പരിശോധനയില്‍ കിഡ്ണിയില്‍ കല്ലാണെന്ന് കണ്ടെത്തി. ഇന്നലെ ശസ്ത്രക്രിയയിലൂടെ കല്ല് നീക്കം ചെയ്തു. ആരോഗ്യപരമായി പ്രഭുവിന് ഇപ്പോള്‍ കുഴപ്പമില്ല. രണ്ടുദിവസത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രശസ്ത നടന്‍ ശിവാജി ഗണേശന്റെ മകനാണ് പ്രഭു. തമിഴ് സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തിയ അദ്ദേഹം 300ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. തമിഴിന് പുറമെ, മലയാളം, തെലുഗ് തുടങ്ങി മറ്റു നിരവധി ഭാഷാ ചിത്രങ്ങളിലും പ്രഭു അഭിനയിച്ചു. നായകനായി എത്തിയ പ്രഭു, പിന്നീട് വ്യത്യസ്തങ്ങളായ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധ നേടി. ഇപ്പോള്‍ സഹനടന്റെ റോളിലാണ് അദ്ദേഹം പതിവായി എത്തുന്നത്.
വിജയ് നായകനായ വാരിസ് എന്ന ചിത്രമാണ് പ്രഭുവിന്റെതായി ഒടുവില്‍ ഇറങ്ങിയത്. മണിരത്നത്തിന്റെ പൊന്നിയന്‍ സെല്‍വത്തിലും പ്രഭു അഭിനയിച്ചിരുന്നു. തമിഴിലെ സുപ്രധാന ചിത്രങ്ങളിലെല്ലാം പ്രഭുവിന്റെ സാന്നിധ്യമുണ്ട്. അദ്ദേഹം ആശുപത്രിയിലാണ് എന്നറിഞ്ഞതോടെ നിരവധി പേരാണ് പ്രാര്‍ഥനയുമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിടുന്നത്. ആരോഗ്യം വീണ്ടെടുത്ത് വേഗത്തില്‍ തിരിച്ചെത്തി സിനിമയില്‍ സജീവമാകാന്‍ സാധിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ഥന.