സാഹസികമായ ഒരുപാട് സീനുകള്‍ ഷൂട്ട് ചെയ്യേണ്ടി വന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. കുറച്ചുനാളുകള്‍ക്ക് മുമ്പ് ഈ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെ ഒരു മുതലത്തടാകത്തില്‍ നിവിന്‍ പോളിക്കിറങ്ങേണ്ടി വന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി വേണ്ടി വന്ന സാഹസികമായ കുതിര സവാരിയെക്കുറിച്ച മനസ്സുതുറന്നിരിക്കുകയാണ്.
''സാധാരണഗതിയില്‍ സിനിമയില്‍ കുതിര സവാരി ആവശ്യമായി വരുമ്പോള്‍ ഒരു കുതിരയെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് അഭിനേതാവുമായി ഇണക്കുകയാണ് ചെയ്യുക. ചിത്രീകരണം തീരുന്നത് വരെ ആ കുതിരയെ തന്നെയാവും കുതിരസവാരി രംഗങ്ങള്‍ക്കായി ഉപയോഗിക്കുക. എന്നാല്‍ കൊച്ചുണ്ണിയുടെ കാര്യത്തില്‍ അതായിരുന്നില്ല അവസ്ഥ. ലൊക്കേഷനുകള്‍ തോറും കുതിരയെ കൊണ്ടു പോകുന്നത് പ്രയാസകരമായിരുന്നു. അത് കൊണ്ട് തന്നെ പല കുതിരകളെയാണ് സവാരിക്കായി ഉപയോഗിക്കേണ്ടി വന്നത്. രണ്ട് തവണ കുതിര എന്നെ കുടഞ്ഞെറിഞ്ഞിട്ട് വരെയുണ്ട് നിവിന്‍ പറയുന്നു.''
അതേസമയം, കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലെത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ചിത്രത്തിനായി ഇന്ത്യയൊട്ടാകെയുള്ള റിസര്‍വേഷന്‍ നാളെ മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും.
കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.