നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയില്‍ ശ്രീരാമനെ അപഹസിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദത്തെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോളിതാവിവാദങ്ങളില്‍ മാപ്പ് പറഞ്ഞ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ വിവിധ ഭാഷകളിലായിട്ടാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. താന്‍ ദൈവ വിശ്വാസിയാണെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.
ജയ് ശ്രീറാം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആരുടെയും വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാമെന്ന സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും നടി കുറിച്ചു.
സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിച്ചത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും താരം വ്യക്തമാക്കി. ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെ:
അന്നപൂരണി' എന്ന എന്റെ സിനിമയെ സംബന്ധിച്ചു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഹൃദയഭാരത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് താന്‍ ഈ കുറിപ്പെഴുതുന്നത് എന്ന ആമുഖത്തോടെ ആണ് കത്ത് തുടങ്ങുന്നത്. അന്നപൂരണി എന്ന ചിത്രം വെറുമൊരു സിനിമാ മാത്രമല്ല, ചെറുത്തുനില്‍പ്പുകളെ പ്രചോദിപ്പിക്കാനും ഒരിക്കലും തളരാത്ത മനോഭാവം വളര്‍ത്താനുമുള്ള ഹൃദയംഗമമായ പരിശ്രമമായിരുന്നു. ജീവിത യാത്രയെ പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പൂര്‍ണ്ണമായ ഇച്ഛാശക്തി കൊണ്ട് പ്രതിബന്ധങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് മനസിലാക്കി തരാനാണ് ശ്രമിച്ചത്.
ഒരു നല്ല ആശയം ജനങ്ങളുമായി പങ്കിടാനുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമത്തില്‍, അശ്രദ്ധമായി ഞങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചിരിക്കാം. മുമ്പ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സെന്‍സര്‍ ചെയ്ത സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാനും എന്റെ ടീമും ഒരിക്കലും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, ഈ പ്രശ്‌നത്തിന്റെ ഗൗരവം ഞങ്ങള്‍ മനസ്സിലാക്കുന്നു. പൂര്‍ണ്ണമായും ദൈവത്തില്‍ വിശ്വസിക്കുകയും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ പതിവായി സന്ദര്‍ശിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍, എനിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കാത്ത ഒരു കാര്യമാണത്. ഞങ്ങള്‍ കാരണം വേദനിച്ച ആളുകളോട്, ഞാന്‍ എന്റെ ആത്മാര്‍ത്ഥവും ഹൃദയംഗമവുമായ ക്ഷമാപണം നടത്തുന്നു.' നയന്‍താര കത്തില്‍ പറയുന്നു.
അന്നപൂരണിയുടെ പിന്നിലെ ഉദ്ദേശം ഉന്നമനവും പ്രചോദനവും ആയിരുന്നു. ആര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കല്‍ ആയിരുന്നില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സിനിമാ മേഖലയില്‍ എന്റെ യാത്ര ഒരേയൊരു ഉദ്ദേശത്തോടെയായിരുന്നു - പരസ്പരം പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, പഠിക്കുക' നയന്‍താര വ്യക്തമാക്കി. ചില ഹൈന്ദവ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവില്‍ നെറ്റ്ഫ്ളിക്സ് ചിത്രം പിന്‍വലിച്ചതിന് പിന്നാലെയാണ് നയന്‍താരയുടെ പ്രതികരണം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തില്‍ ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജന്‍ എന്ന കഥാപാത്രത്തെയാണ് നായന്‍താര അവതരിപ്പിച്ചത്. ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് നായകന്‍ പറയുന്ന ഭാഗമാണ് വിവാദമായത്. കൂടാതെ ബിരിയാണി തയ്യാറാക്കുന്നതിന് മുന്‍പ് നായിക നിസ്‌കരിക്കുന്നുണ്ട്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഹൈന്ദവ സംഘടകളുടെ പ്രതിഷേധത്തിന് പിന്നാലെ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കി. ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബര്‍ 29നാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തത്. നയന്‍താരയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.