റിലീസ് ചെയ്യുന്ന സിനിമകളെ കീറി മുറിക്കുന്ന വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ നാദിര്‍ഷ. മേരാ നാം ഷാജി എന്ന നാദിര്‍ഷായുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായിട്ടാണ് നാദിര്‍ഷാ രംഗത്തെത്തിയത്.
കോമഡി ചിത്രങ്ങളുടെ തുടക്കം കണ്ട് മാത്രം വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ലെന്ന് നാദിര്‍ഷ പറഞ്ഞു. മേരാ നാം ഷാജി എന്ന പുതിയ സിനിമയെ ഒരുവിഭാഗം പ്രേക്ഷകര്‍ വിലയിരുത്തിയ രീതിയെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളില്‍ ചിലര്‍ മുന്‍വിധിയോടെയാണ് സിനിമയെ വിമര്‍ശിക്കുന്നത്. രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമയുടെ 15 മിനിറ്റ് മാത്രം കണ്ടിട്ടാണ് അഭിപ്രായം പറയുന്നത്. കുടുംബപ്രേക്ഷകര്‍ക്ക് ഇണങ്ങിയ വിഷയമാണ് മേരാ നാം ഷാജിയിലേത്. സൂപ്പര്‍താരങ്ങളുടെ സിനിമകളുമായി ഇതിനെ തുലനം ചെയ്യരുത്.
നടന്‍ ബൈജു, നിര്‍മാതാവ് ബി. രാകേഷ്, സംഗീതസംവിധായകന്‍ എമില്‍ മുഹമ്മദ് തുടങ്ങിയവര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു.