മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. മഹേഷ് നാരായണന് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ വേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുമുണ്ട്. ഇപ്പോഴിതാ സിനിമയില്‍ ജോയിന്‍ ചെയ്യുന്നതിനായി മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് തിരിച്ചുവന്ന വാര്‍ത്തകളാണ് വരുന്നത്.
മോഹന്‍ലാല്‍ വിമാനം കയറുന്നതിനായി എയര്പോര്ട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നടനൊപ്പം നിര്‍മാതാവ് ആന്റോ ജോസഫിനെയും ദൃശ്യങ്ങളില്‍ കാണാം.മഹേഷ് നാരായണന് സിനിമയുടെ ചിത്രീകരണം ഈ മാസം 16ന് ശ്രീലങ്കയില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴുദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയില്‍ നടക്കുക. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹന്‍ലാലും സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നും പറയപ്പെടുന്നു.
ശ്രീലങ്കയ്ക്ക് ശേഷം ഷാര്‍ജയിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പുതിയ ഗെറ്റപ്പിലാകും എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന് കട്ടി മീശ മാത്രം വെച്ചുള്ള പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെടുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ചിത്രത്തില്‍ നയന്‍താര നായികയെത്തുമെന്ന സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ആസിഫ് അലി, നസ്ളന്‍ , മഞ്ജു, സൗബിന് ഷാഹിര്‍, ഉണ്ണി മുകുന്ദന് എന്നിവരാണ് മറ്റു താരങ്ങള്‍. ടൊവിനോ തോമസ് അതിഥി താരമായി എത്തുന്നു. കന്നട താരം ശിവരാജ് കുമാര്‍ ആണ് മറ്റൊരു പ്രധാന താരം.
മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥയാകും ഈ ചിത്രത്തിന്റേതെന്ന് കുഞ്ചാക്കോ ബോബന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആന്റോ ജോസഫ് ഫിലിംകമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.