മദ്യപാന - പുകവലി രംഗങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാൽ മാത്രമെ സിനിമകൾക്കും സീരിയലുകൾക്കും സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാവൂ, എന്ന പി ആയിഷ പോറ്റി എംഎൽ.എ അധ്യക്ഷയായ നിയമസഭാ സമിതിയുടെ ശുപാർശയിൽ പ്രതിഷേധിച്ച് ഏതാനും മാധ്യമ പ്രവർത്തകർ ഒരുക്കിയ 'ഗള്ള്പാട്ട്' എന്ന ആൽബം പി സി ജോർജ്ജ് പ്രകാശനം ചെയ്യും. ആദ്യ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം സംവിധായകൻ സോഹൻ റോയ് നിർവ്വഹിക്കും.
ജൂലൈ 19ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മാതൃഭൂമി സെപഷ്യൽ കറസ്‌പോണ്ടന്റ് ജി. ശേഖരൻ നായർ അധ്യക്ഷത വഹിക്കും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലക്കു കൽപ്പിക്കുന്ന ഈ നീക്കത്തിന്റെ അപഹാസ്യതയെ സംബന്ധിച്ച് ശ്രീ.കെ.സുദർശനൻ (മുൻ സ്‌പെഷ്യൽ സെക്രട്ടറി ടു ഗവൺമെന്റ് ) സംസാരിക്കും.
കലാരംഗത്തെ ക്രിയാത്മക ചിന്തകളേയും ആവിഷ്‌കാരത്തെയും കൂച്ചുവിലങ്ങിടുതാണ് ഇത്തരത്തിലുള്ള പ്രഹസ്സനപരമായ നിയമങ്ങൾ. സിനിമയുടെ ആഖ്യാനശൈലി കൂടുതൽ കൂടുതൽ സ്വാഭാവികത കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം വിഢിത്തങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള മേനിനടിക്കൽ സിനിമയുടെ ജനകീയത നഷ്ടപ്പെടുത്താനെ ഇടയാക്കൂ. നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് നമ്മുടെ കഥാ-സാഹിത്യങ്ങളിൽ കാണുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിൽ നടക്കുന്ന നന്മയും തിന്മയുമെല്ലാം സിനിമയിലും ആവിഷ്‌കരിക്കപ്പെടുന്നതിൽ അസ്വാഭാവികത കാണാനാവില്ല. സിനിമയെ സ്നേഹിക്കുന്നവർ ഇത്തരം വിഢിത്തങ്ങൾക്കെതിരേ ശബ്ദമുയർത്തണം. ആൽബത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
സിങ്കിൾ ക്യാമറ ഉപയോഗിച്ച് വെറും രണ്ട് മണിക്കൂർ കൊണ്ടാണ് ഈ ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്. ഒരേ വികാരത്തോടെ എല്ലാവരും സഹകരിച്ച് ഒരുക്കിയ ഈ പ്രതീകാത്മക പ്രതിഷേധ വീഡിയോയുടെ നിർമ്മാണത്തിനായി ഒരു രൂപ പോലും ചെലവായിട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. അഖിൽ വിനായക് ആണ് സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്.
മാധ്യമ പ്രവർത്തകരായ മുകേഷ് എം. നായർ, ശ്യാം, വിഷ്ണു , പ്രവീൺ , അരുൺ ദാസ്, സന്ദീപ്, അഭിനന്ദ്, ചന്ദ്രശേഖർ എന്നിവരാണ് ഈ ആൽബത്തിന്റെ ഭാഗമായിട്ടുള്ളത്.