തമിഴകത്തെ പ്രിയ താരമായിരുന്നു ജ്യോതിക. തമിഴിലും അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സൂര്യയുമായുള്ള പ്രണയവും വിവാഹവും. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. വിവാഹ ശേഷം ഒരു ഇടവേളയെടുത്ത ജ്യോതിക വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 36 വയതിനിലെ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ രണ്ടാം വരവ്്. തിരിച്ചുവരവില്‍ നിരവധി ചിത്രങ്ങള്‍ ജ്യോതികയെ തേടിയെത്തിയിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച മെര്‍സല്‍ സിനിമയിലെ അവസരം വേണ്ടെന്ന് വെച്ചതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.
ജ്യോതിക തന്റെ ഏറ്റവും പുതിയ ചിത്രമായ രാക്ഷസിയുടെ പ്രമോഷണല്‍ പരിപാടിക്കിടയിലാണ് മെര്‍സല്‍ ഒഴിവാക്കിയതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞത്. വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മെര്‍സലില്‍ നിന്നും അവസാന നിമിഷമാണ് ജ്യോതിക പിന്‍വാങ്ങിയത്. നിത്യ മേനോനായിരുന്നു പിന്നീട് ആ കാഥാപാത്രത്തെ അവതരിപ്പിച്ചത്. മൂന്ന് നായികമാരുള്ള ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ തന്നെയായിരുന്നു ജ്യോതികയ്ക്ക് നല്‍കിയതെന്നും എന്തുകൊണ്ട് താരം പിന്‍വാങ്ങിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ അന്ന് പറഞ്ഞത്. എന്നാല്‍ സിനിമയുടെ ക്രിയേറ്റീവ് കാര്യങ്ങളില്‍ അണിയറപ്രവര്‍ത്തകരുമായി വിയോജിപ്പ് തോന്നിയിരുന്നുവെന്നും അക്കാരണത്താലാണ് താന്‍ ചിത്രം വേണ്ടെന്ന് വെച്ചതെന്നുമാണ് ജ്യോതിക ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബജറ്റെന്നതല്ല ഒരു സിനിമയുടെ പ്രധാനപ്പെട്ട കാര്യം. പ്രേക്ഷകര്‍ ബജറ്റ് നോക്കിയല്ല സിനിമ കാണാനെത്തുന്നത്. എന്താണ് നല്‍കുന്നതെന്നതാണ് പ്രധാനപ്പെട്ട കാര്യം. പിങ്കിന്റെ റീമേക്ക് സ്വീകരിച്ച അജിത്തിനെ താന്‍ അഭിനന്ദിക്കുകയാണെന്നും താരം പറയുന്നു.അദ്ദേഹത്തിന്റെ മുന്‍ സിനിമകള്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ നേര്‍കൊണ്ട പറവ ചെറിയ ചിത്രമാണ്. എന്നാല്‍ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും താരം പറയുന്നു.
തിരക്കഥയും മറ്റ് കാര്യങ്ങളുമൊക്കെയാണ് ഓരോ താരത്തെയും ആകര്‍ഷിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് സിനിമ സ്വീകരിക്കേണ്ടതുണ്ടോയെന്ന കാര്യത്തെക്കുറിച്ച് താരങ്ങള്‍ തീരുമാനിക്കാറുള്ളൂ. അവരവരുടേതായ മാനദണ്ഡങ്ങളാണ് ഓരോ താരവും ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ഒരിക്കല്‍ വേണ്ടെന്ന വെച്ച കഥാപാത്രം മറ്റൊരാള്‍ അവതരിപ്പിച്ച് കൈയ്യടി നേടുമ്പോള്‍ പലര്‍ക്കും നഷ്ടബോധം തോന്നാറുമുണ്ട്. വിജയ് നായകനായെത്തിയ മെര്‍സലില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതികയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. നാളുകള്‍ക്ക് ശേഷം വിജയ്‌യും ജ്യോതികയും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ അധികം വൈകാതെ തന്നെ ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമായിരുന്നു നടന്നത.് ജ്യോതിക ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയും പകരക്കാരിയായി നിത്യ മേനോന്‍ എത്തുകയുമായിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.