Latest News

മീന ഗണേശിനെ അവസാനമായി കാണാനെത്തിയത് അബു സലീമും നടന്‍ ശിവജി ഗുരുവായൂരും അടക്കം ചുരുക്കം താരങ്ങള്‍;  സിനിമയിലെ പോലെ ജീവിതത്തിലും കണ്ണീര്‍ പടര്‍ത്തി മീനാ ഗണേശിന്റെ വിട പറയല്‍

Malayalilife
 മീന ഗണേശിനെ അവസാനമായി കാണാനെത്തിയത് അബു സലീമും നടന്‍ ശിവജി ഗുരുവായൂരും അടക്കം ചുരുക്കം താരങ്ങള്‍;  സിനിമയിലെ പോലെ ജീവിതത്തിലും കണ്ണീര്‍ പടര്‍ത്തി മീനാ ഗണേശിന്റെ വിട പറയല്‍

ലാഭവന്‍മണിയും ദിലീപും പൃഥ്വിരാജും സിദ്ദിഖും എന്നു വേണ്ട കാവ്യാ മാധവനും നവ്യാ നായര്‍ക്കും എല്ലാം ഒപ്പം അഭിനയിച്ച നടിയായിരുന്നു മീന ഗണേഷ്. കൂടാതെ, ഒട്ടനേകം സീരിയലുകളിലും. എന്നിട്ടും അവര്‍ക്കു വയ്യാതായപ്പോള്‍ ആരും തന്നെ കാണാനോ സങ്കടങ്ങള്‍ പങ്കുവെച്ച് ആശ്രയമാകുവാനോ എത്തിയിരുന്നില്ല. അസുഖം തളര്‍ത്തുന്ന കാലം വരെ അമ്മയുടെ മീറ്റിംഗുകളിലടക്കം സജീവമായി പങ്കെടുത്തിരുന്ന നടിയ്ക്ക് ഒടുവില്‍ ആശ്രയമായി ഉണ്ടായിരുന്നത് ആ സംഘടനയില്‍ നിന്നും മാസം തോറും ലഭിക്കുന്ന 5000 രൂപയുടെ പെന്‍ഷന്‍ മാത്രം ആയിരുന്നു. ഇപ്പോഴിതാ, നടി മരണത്തിനു കീഴടങ്ങിയപ്പോള്‍ രണ്ടേ രണ്ടു നടന്മാര്‍ മാത്രമാണ് സിനിമാ രംഗത്തു നിന്നും നടിയെ അവസാനമായി കാണുവാനും കുടുംബത്തെ കണ്ട് സങ്കടത്തില്‍ പങ്കുചേരാനും എത്തിയത്.

വില്ലനായും സഹനടനായും എല്ലാം സിനിമകളില്‍ തിളങ്ങുകയും ബോഡി ബില്‍ഡറും അതോടൊപ്പം സബ് ഇന്‍സ്പെക്ടര്‍ ജോലിയില്‍ നിന്നും വിരമിക്കുകയും ചെയ്ത നടന്‍ അബു സലീമും സിനിമാ സീരിയല്‍ നടനായ ശിവജി ഗുരുവായൂരും മാത്രമാണ് നടി മീനയുടെ വീട്ടിലെത്തി അവസാന നോക്കു കണ്ടത്. ഒട്ടനേകം സാമൂഹ്യ രാഷ്ട്രീയ പ്രമുഖരും നടിയെ അവസാന നോക്കു കാണുവാന്‍ എത്തിയിരുന്നു. 

ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. ഏതാനും മണിക്കൂറുകള്‍ ഇവിടെ പൊതുദര്‍ശനത്തിന് വച്ചു. മൊബൈല്‍ മോര്‍ച്ചറിയ്ക്കുള്ളില്‍ വച്ചിരുന്ന മീനയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയായിരുന്നു മകള്‍ സംഗീത ഇരുന്നത്. മകന്‍ മനോജ് ഗണേഷും വീട്ടിലുണ്ടായിരുന്നു. അമ്മയെ അവസാന നോക്കു കാണാന്‍ എത്തിയവരോട് സംസാരിച്ചും അമ്മയുടെ ഓര്‍മ്മകളും വിവരങ്ങളും എല്ലാം പങ്കുവച്ച് മകന്‍ ആയിരുന്നു ഉണ്ടായിരുന്നത്. രണ്ടു മക്കള്‍ക്കു വേണ്ടി ജീവിച്ചവരായിരുന്നു നടി മീനയും ഭര്‍ത്താവും.

നടി മീനയുടേയും ഭര്‍ത്താവ് ഗണേഷിന്റെയും ഒരായുസു കൊണ്ടുള്ള അധ്വാനത്തിന്റെ ബാക്കിയായിരുന്ന ഷൊര്‍ണൂരിലെ ആ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഭര്‍ത്താവിന്റെ ഓര്‍മ്മകളുമായി ജീവിക്കാനായിരുന്നു മീന അവസാന കാലം വരെയും ആഗ്രഹിച്ചത്. അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലാകും വരെ നടി ഈ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അഞ്ചു ദിവസത്തെ ആശുപത്രി ജീവിതത്തിനൊടുവില്‍ മരണം വിളിച്ചപ്പോള്‍ വിങ്ങിപ്പൊട്ടിയാണ് മകള്‍ സംഗീതയും മകന്‍ മനോജ് ഗണേഷനും ആ വാര്‍ത്ത അറിഞ്ഞത്. ഒടുവില്‍ മണിക്കൂറുകള്‍ക്കു ശേഷം ആ വീട്ടുമുറ്റത്തേക്ക് മീനയുടെ മൃതദേഹം എത്തിച്ചപ്പോള്‍ നൂറോളം പേരാണ് അവസാനമായി കാണുവാന്‍ എത്തിയത്. അതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നടിയെ സ്നേഹിച്ചിരുന്ന ആരാധകരിലേക്ക് എത്തുന്നതും.

ബിഎസ്.സി വരെ പഠിപ്പിച്ച മകന് ഇഷ്ടം സിനിമാ സീരിയല്‍ മേഖലയിലേക്കായിരുന്നു. തുടര്‍ന്ന് നടി തന്നെയാണ് മകനെ സീരിയലിലെ അസിസ്റ്റന്റ് ഡയറക്ടറാക്കുന്നതും തുടര്‍ന്ന് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി മനോജ് ഗണേഷ് എന്ന മകന്‍ മാറുന്നതും. വിശുദ്ധ ചാവറയച്ചനും സാന്ത്വനവും അടക്കമുള്ള പ്രോജക്ടുകളില്‍ മനോജ് പ്രവര്‍ത്തിച്ചിരുന്നു. ഷൊര്‍ണൂരില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു മനോജ് താമസിച്ചിരുന്നത്. 2016 വരെ മീനയും അഭിനയ രംഗത്ത് സജീവമായിരുന്നു. എന്നാല്‍, ശാരീരിക അവശതകള്‍ അലട്ടിയപ്പോള്‍ അഭിനയം മതിയാക്കിയ മീന പിന്നീട് കഴിഞ്ഞത് അമ്മയില്‍ നിന്നും കിട്ടുന്ന പെന്‍ഷന്‍ തുകയിലാണ്.

സ്റ്റുഡിയോയും അക്ഷയാ സെന്റര്‍ നടത്തിപ്പുകാരിയുമൊക്കെയായ മകള്‍ പലപ്പോഴും അമ്മയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും ഭര്‍ത്താവിന്റെ ഓര്‍മ്മകളുള്ള വീട്ടിലേക്ക് മടങ്ങിയെത്താനായിരുന്നു മീന ആഗ്രഹിച്ചത്. അങ്ങനെയാണ് മകളുടെ സഹായത്തോടെ വീട്ടില്‍ ഒരു സ്ത്രീയെ സഹായത്തിന് വച്ച് മീന കഴിഞ്ഞത്. അമ്മയില്‍ നിന്നും ലഭിച്ചിരുന്ന പെന്‍ഷന്‍ കാശ് കൊണ്ടായിരുന്നു ജീവിതം. ഏഴു മാസങ്ങള്‍ക്കു മുമ്പാണ് നടി തന്റെ ഈ ദയനീയാവസ്ഥ വെളിപ്പെടുത്തിയത്. നേരം വെളുക്കുമ്പോള്‍ ജീവനുണ്ടാകരുതേ എന്നാഗ്രഹിച്ചു ജീവിച്ച കാലം കൂടിയായിരുന്നു മീനയ്ക്ക് കഴിഞ്ഞ കുറച്ചു കാലം.

ഒടുവില്‍ തന്റെ 81-ാം വയസിലാണ് നടി മരണത്തിനു കീഴടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ 1.20-ഓടെ ഷൊര്‍ണൂരിലെ പി കെ ദാസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. രക്തസമ്മര്‍ദം കൂടിയുകയും തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാലുദിവസം മുന്‍പാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് വച്ചാണ് നടന്നത്.

Read more topics: # മീന ഗണേഷ്
meena ganesh cremation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES