മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഭാ?ഗമാകുന്നത്. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അപ്‌ഡേറ്റ് പങ്കുവച്ചു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തലൈവര്‍ 170' എന്നാണ് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്നത്.
രജനികാന്തിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. 'ഈ അത്ഭുതകരമായ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്', എന്നാണ് മഞ്ജു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്.
ധനുഷിന്റെ അസുരന്‍, അജിത്തിന്റെ തുനിവ് എന്നി സിനിമകള്‍ക്ക് പിന്നാലെയാണ് രജനിയുടെ 170-ാം സിനിമയിലൂടെ താരം തമിഴിലെത്തുന്നത്
മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയില്‍ ലീഡ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാം ചിത്രമാണ്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, നാനി തുടങ്ങിയവര്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. രജനികാന്തും സംഘവും തലൈവര്‍ 170യുടെ ചിത്രീകരണത്തിനായി ചൊവ്വാഴ്ച മുതല്‍ കേരളത്തിലുണ്ടാകും . ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം.
രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനമാകും ഏര്‍പ്പെടുത്തുക. നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ ലൊക്കേഷനാണ്.