മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജയുടെ മോഷൻ പോസ്റ്റർ പുറത്ത് വന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ആവേശമണർത്തിയിരിക്കുന്നത്. സംവിധായകൻ വൈശാഖ് തന്നെയാണ് മധുരരാജയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടത്. നിമിഷങ്ങൾക്കകമാണ് സംഗതി സമൂഹ മാധ്യമത്തിൽ വൈറലായത്. വൈശാഖ് തന്നെ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ.
ജഗപതി ബാബു വില്ലനായെത്തുന്ന ചിത്രത്തിൽ തമിഴ് താരം ജയ്‌യും പ്രധാന വേഷം ചെയ്യുന്നുണ്ട്. ബോക്‌സോഫീസിൽ വമ്പൻ ഹിറ്റൊരുക്കിയ മോഹൻലാൽ ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ- പീറ്റർ ഹെയ്ൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ബോളിവുഡ് താരം സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിൽ എത്തുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
മലയാളത്തിലെ വൻ താരനിര അണി നിരക്കുന്ന ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ, ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും.ഏപ്രിൽ പത്തിന് വിഷു റിലീസായാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.