ഓരോ സിനിമയിലേയും കഥാപാത്രങ്ങള്‍ക്ക് വേണ്ടി മമ്മൂട്ടി നടത്തുന്ന തയ്യാറെടുപ്പുകളും കഠിനാധ്വാനവും വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഏറെ ചര്‍ച്ചയായിട്ടുണ്ട്. അന്യഭാഷാചിത്രങ്ങളിലും കഥാപാത്രഅവതരണം പരമാവധി മനോഹരമാക്കാന്‍ മമ്മൂട്ടി നടത്തുന്ന പ്രയത്‌നങ്ങളുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് തെലുങ്ക് ചിത്രമായ യാത്രയുടെ ഡബ്ബിങ് വീഡിയോ. തെലുങ്കില്‍ ഒഴുക്കോടെയും അനായാസമായും മമ്മൂട്ടി സ്വന്തം ശബ്ദം വൈഎസ്ആര്‍ കഥാപാത്രത്തിന് നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായ് മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് ഓരോ ഡയലോഗും താരം അര്‍ഥം മനസിലാക്കി മലയാളത്തില്‍ എഴുതിയെടുക്കുമെന്ന് സംവിധായകന്‍ മഹി വി രാഘവ് പറഞ്ഞിരുന്നു. അത് ശരിയാണെന്ന് സമ്മതിക്കുന്ന തരത്തിലായിരുന്നു ട്രെയിലറില്‍ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയും.