പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. വെളുത്ത പഞ്ചസാര, കറുത്ത ശര്‍ക്കര പ്രയോഗമാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.പരിപാടിക്കിടെ നടന്‍ മമ്മൂട്ടി പറഞ്ഞ ' തമാശ' യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് ' മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ' എന്ന് ഒരാള്‍ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് നടി പറയുന്നു. ഇതിനോടുളള മമ്മൂട്ടിയുടെ പ്രതികരണമാണ് വിവാദമാകുന്നത്.
നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയേന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാമോ? എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി പ്രതികരിച്ചത്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. മാറ്റങ്ങളെ ഉള്‍ക്കൊളളുന്ന മലയാള സിനിമയിലെ തന്നെ ഏറ്റവും അപ്ഡേറ്റഡ് ആയ കലാകാരനായി വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയില്‍ നിന്നും ഇത്തരം പ്രസ്താവന കേള്‍ക്കുന്നത് സങ്കടകരമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഇതിനെതിരെ റേസിസമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. മമ്മൂട്ടിയ്‌ക്കെതിരെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ സംഭവത്തെ താമശയായി കണ്ടാല്‍ പോരെയെന്നാണ് മമ്മൂട്ടിയെ പിന്തുണച്ച് മറുവാദം ഉയരുന്നത്
മുന്‍പ് ' 2018' എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെക്കുറിച്ച് മമ്മൂട്ടി നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുളളൂ, ബുദ്ധിയുണ്ട് എന്നാണ് താരം പറഞ്ഞത്. മമ്മൂട്ടി ബോഡി ഷെയിമിംഗ് ആണ് നടത്തിയതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതോടെ താരം ഖേദം പ്രകടിപ്പിച്ചിരുന്നു.