അടുത്തിടെ ഏറെ ചര്‍ച്ചയായ വിഷയമാണ് ചിത്രങ്ങള്‍ക്ക് റിവ്യൂ നല്‍കുന്നത്. ഇത് സിനിമയെ ബാധിക്കുന്നതായി പല സംവിധായകരും നിര്‍മാതാക്കളും പറഞ്ഞിരുന്നു. ദിലീപ് നായകനായ ബാന്ദ്ര എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ്ഞ ചില യുട്യൂബര്‍മാര്‍ക്കെതിരെ നിര്‍മാതാവ് പരാതി നല്‍കിയതും ഏറെ വിവാദമായി.
ഇപ്പോഴിതാ സിനിമ റിവ്യൂവിനെക്കുറിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. സിനിമയെ റിവ്യൂ കൊണ്ടാന്നും നശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.പുതിയ ചിത്രം കാതലിന്റെ പ്രമോഷന്‍ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെയും കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ പുറത്തുവരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ഒരു വഴിക്ക് പോകും. സിനിമ ഈ വഴിയ്ക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.
നമുക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാള്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെ വേണം സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്'. എന്നാണ് മമ്മൂട്ടി പറഞ്ഞത്.